കർഷകർക്കുനേരെയുള്ള ലാത്തിച്ചാർജിൽ പ്രതിഷേധം: പഞ്ചാബിൽ റോഡുപരോധം, കോലം കത്തിക്കൽ
text_fieldsഛണ്ഡിഗഢ്: ഹരിയാനയിലെ കർണാലിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കർഷകർ ഞായറാഴ്ച പഞ്ചാബിലെ റോഡുകളും ഹൈവേകളും തടഞ്ഞു. ബി.ജെ.പി സർക്കാരിന്റെ കോലങ്ങൾ കത്തിച്ചു. ബി.ജെ.പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഒ.പി ധങ്കർ സഞ്ചരിച്ച വാഹനവ്യൂഹം തടയാൻ ശ്രമിച്ചതിനെ തുടർന്ന് ശനിയാഴ്ച കർഷക സംഘത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. കർഷകരിൽ ഒരാൾ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ സുശീൽ കാജൽ എന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് കർഷക നേതാവ് ഗുർണം സിങ് ചദൂനി അറിയിച്ചു. ഒമ്പത് മാസമായി സുശീൽ കാജൽ സമരത്തിൽ പങ്ക് വഹിച്ചുവരികയായിരുന്നു. ലാത്തിച്ചാർജിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റു, രാത്രിയിൽ ഹൃദയാഘാതംവന്ന് മരണത്തിന് കീഴടങ്ങി. കർഷക സമൂഹം അദ്ദേഹത്തിെന്റ ത്യാഗം എപ്പോഴും ഓർക്കുമെന്നും ചദൂനി ട്വീറ്റ് ചെയ്തു.
പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച രണ്ട് മണിക്കൂർ നീണ്ട റോഡുപരോധം പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു. കിസാൻ സംഘർഷ് മസ്ദൂർ കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്തർ ലാത്തിച്ചാർജിനെ ശക്തമായി അപലപിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും രാജിവെച്ച് പുറത്തുപോവണമെന്നും അമൃത്സറിൽ നടന്ന പ്രതിഷേധത്തിനിടെ പാന്തർ പറഞ്ഞു.
ഭാരതീയ കിസാൻ യൂനിയൻ സംസ്ഥാനത്തെ 56 ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ഖട്ടാർ സർക്കാരിെന്റ നടപടിയെ അപലപിക്കുകയും ചെയ്തു. പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവും അതിക്രമത്തിനെതിരെ രംഗത്തുവന്നു. 'പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെയുള്ള ആക്രമണം ഓരോ ഇന്ത്യക്കാരെന്റയും മൗലികാവകാശങ്ങൾക്കെതിരായ ആക്രമണമാണ്.
ഇതിലൂടെ ഭരണഘടനയുടെ ആത്മാവിനെ തടസ്സപ്പെടുത്തുകയും ഇന്ത്യൻ ജനാധിപത്യത്തിെന്റ നട്ടെല്ല് തകർക്കുകയും ചെയ്യുകയാണെന്നും സിദ്ദു പറഞ്ഞു. ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിെന്റ വിഡിയോയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചു. സർക്കാർ സ്പോൺസർ ആക്രമണം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിശേഷിപ്പിച്ചത്. ഈ ക്രൂരത അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ലാത്തി ചാർജ് ചെയ്യുന്നത് തികച്ചും തെറ്റാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ലാത്തിച്ചാർജിൽ പരിക്കേറ്റവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും തലപ്പാവുകളും തലക്ക് ഗുരുതരമായി പരിക്കേറ്റ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കർഷക ഗ്രൂപ്പുകളിൽ നിന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
കർഷകർ കല്ലെറിഞ്ഞു -ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഢ്: സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ഉറപ്പുതന്ന കർഷകർ പൊലീസിനുനേരെ കല്ലെറിയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തതിനാലാണ് കർനാലിൽ പൊലീസ് ലാത്തി പ്രയോഗിച്ചതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പ്രതിഷേധിക്കുന്നതിന് ആരും എതിരല്ല. എന്നാൽ, മറിച്ചായാൽ പൊലീസിന് നടപടിയെടുക്കേണ്ടി വരും. ബി.ജെ.പിയുടെ സംസ്ഥാനതല യോഗമാണ് അവിെട നടന്നത്. എന്തിെൻറ പേരിലായാലും യോഗത്തിനുനേരെ എതിർപ്പുയർത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഖട്ടർ പറഞ്ഞു.
കർഷകസമരം മാറ്റമുണ്ടാക്കും –തമ്പാൻ തോമസ്
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ അടിസ്ഥാന മാറ്റങ്ങൾ വരുത്താൻ കെൽപുള്ളതാണ് കർഷകപ്രക്ഷോഭമെന്ന് എച്ച്.എം.എസ് മുൻ പ്രസിഡൻറ് അഡ്വ. തമ്പാൻ തോമസ്. കൃഷിഭൂമി കർഷകർക്ക്, തൊഴിൽശാല തൊഴിലാളിക്ക് എന്ന മുദ്രാവാക്യം സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ ഉയർത്തിയതാണ്. സംയുക്ത കിസാൻ മോർച്ച സിംഘു അതിർത്തിയിൽ നടത്തിയ ദേശീയ കൺവെൻഷെൻറ തുടർച്ചയായി മുസാഫർ നഗറിൽ സെപ്റ്റംബർ അഞ്ചിനു നടക്കുന്ന കിസാൻ മഹാപഞ്ചായത്ത് ഈ ദിശയിലുള്ള മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലും പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 25ന് ഭാരത ബന്ദിന് ആഹ്വാനം
ന്യൂഡൽഹി: പൊലീസ് ലാത്തിച്ചാർജിന് തൊട്ടുപിന്നാലെ ഹരിയാനയിലെ മേവാത്തിൽ കർഷക മഹാപഞ്ചായത്ത് ചേർന്നു. സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാക്കളായ ഡോ.ദർശൻ പാൽ, രാകേഷ് ടികായത്ത്, ബൽബീർ സിങ് രാജ്വാൾ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ സംബന്ധിച്ചു. പ്രതിഷേധം പത്ത് മാസം പിന്നിടുന്ന വേളയിൽ സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി ഉപരോധിക്കാൻ കർഷകരോട് തയ്യാറാവാൻ ദർശൻ പാൽ സിങ് അഭ്യർത്ഥിച്ചു. സെപ്റ്റംബർ അഞ്ചിന് മുസഫർനഗർ മഹാപഞ്ചായത്തിൽ 'മിഷൻ യു.പി' പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.