രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷധം; പാർലമെന്‍റ് ഇന്നും സ്തംഭിക്കും
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. ജനാധിപത്യ മൂല്യങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മെഴുകുതിരി തെളിച്ച് കോൺഗ്രസ് ഇന്ന് നടത്തുന്ന പ്രതിഷേധത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. അതേസമയം അയോഗ്യനാക്കിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് ഹൈകോടതിയിൽ അപ്പീൽ നൽകിയേക്കും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇന്നലെ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി ഒരു മാസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്‌സഭ ഹൗസിങ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ഇന്നും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് വരാനാണ് എം.പിമാരോട് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ ചർച്ച നടത്താതെ സഭാ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.
സഭക്ക് അകത്തും പുറത്തും പ്രതിഷേധം ഒരുപോലെ ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇന്ന് വൈകീട്ട് സൂര്യാസ്തമയത്തിന് ശേഷമാണ് ചെങ്കോട്ടയിൽ കോൺഗ്രസ് മെഴുകുതിരി തെളിച്ചു പ്രതിഷേധിക്കുക. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതിഷേധ ജ്വലയുടെ ഭാഗമാകുമെന്നാണ് സൂചന. രാജ്യവ്യാപകമായുള്ള കോൺഗ്രസ് പ്രതിഷേധങ്ങൾ ഇന്നും നടക്കും. അതേസമയം പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ ബില്ലുകളും ഭേദഗതികളും പാസാക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി നീക്കം. രാഹുലിനെതിരെ രൂക്ഷ പരിഹാസം അഴിച്ചുവിടാനും ബി.ജെ.പി മടിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.