അരുന്ധതി റോയിക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: അരുന്ധതി റോയിക്കും ഷേഖ് ഷൗക്കത്തിനുമെതിരെ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ. അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പൗരസ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ് നടക്കുന്നത്. ഇൻഡ്യ സഖ്യത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എതിർശബ്ദങ്ങളെ അടിച്ചമർത്തിയാണ് ഫാഷിസം വളരുന്നതെന്ന് കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. തങ്ങളുടെ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും ഹരിപ്രസാദ് പറഞ്ഞു. അരുന്ധതി റോയിക്ക് മേൽ യു.എ.പി.എ ചുമത്തുന്നതിലൂടെ തങ്ങൾ തിരിച്ചുവന്നുവെന്ന് തെളിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും എന്നാൽ അത് വിജയിക്കില്ലെന്നും തൃണമൂൽ നിയുക്ത എം.പി മഹുവ മൊയ്ത്രയും എക്സിൽ പ്രതികരിച്ചു.
നാഷനൽ കോൺഫറൻസും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും നടപടിയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ് നടപടിയെന്ന് നാഷനൽ കോൺഫറൻസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ പറഞ്ഞു. വിയോജിപ്പുകളെ തീവ്രവാദ വിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ആശങ്കാജനമാണെന്നും നാഷനൽ കോൺഫറൻസ് പ്രതികരിച്ചു. അരുന്ധതി റോയിക്കും ഷേഖ് ഷൗക്കത്തിനും എതിരെ യു.എ.പി.എ ചുമത്താനുള്ള നീക്കം ഞെട്ടലുളവാക്കിയെന്നായിരുന്നു പി.ഡി.പി അധ്യക്ഷയും ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയുമായ മെഹബുബ മുഫ്തിയുടെ പ്രതികരണം. മൗലികാവകാശങ്ങൾക്കെതിരെ കുറ്റകരമായ കടന്നുകയറ്റം കേന്ദ്രസർക്കാർ ആവർത്തിക്കുകയാണെന്നും മുഫ്തി എക്സിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.