യൂറിയ ലഭിക്കുന്നില്ലെന്ന് കർഷകർ; പരാതി പരിഹരിക്കാനെത്തിയ എം.എൽ.എക്കെതിരെ വളം മോഷണത്തിന് കേസ്
text_fieldsഭോപാൽ: വളം വിതരണ കേന്ദ്രത്തിൽ യൂറിയ ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതിയെ തുടർന്ന് പ്രശ്നത്തിലിടപെടാൻ എത്തിയ കോൺഗ്രസ് എം.എൽ.എക്കെതിരെ യൂറിയ കടത്തിയതിന് കേസ്. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ വളം വിതരണകേന്ദ്രത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
അലോട്ട് മണ്ഡലത്തിലെ എം.എൽ.എ മനോജ് ചൗളക്കും കോൺഗ്രസ് നേതാവ് യോഗേന്ദ്ര സിങ് ജാദനും മറ്റു ചിലർക്കുമെതിരെയാണ് കേസ്.
വിതരണ കേന്ദ്രത്തിൽ ചില കർഷകർ മണിക്കൂറുകളോളം കാത്തു നിന്നിട്ടും യൂറിയ ലഭിച്ചില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് മനോജ് ചൗളയും സംഘവും കേന്ദ്രത്തിലെത്തിയത്. ഓൺലൈൻ തകരാർ മൂലമാണ് യൂറിയ വിതരണം ചെയ്യാനാകാത്തതെന്നും ഇത് ഒരു ദിവസം കൊണ്ട് പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ഷുഭിതനായ കോൺഗ്രസ് എം.എൽ.എ അവിടെയുണ്ടായിരുന്ന കർഷകരോട് വളം ചാക്കുകൾ എടുത്തുകൊണ്ടു പോകാൻ ആവശ്യപ്പെടുകയും ഗോഡൗണിന്റെ ഷട്ടർ തുറന്ന് അതിന് സൗകര്യമൊരുക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, വിതരണകേന്ദ്രത്തിന്റെ ചുമതലക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കവർച്ചക്കും പൊതുപ്രവർത്തകരെ ആക്രമിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് കവർച്ചയിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ജില്ലയിൽ യൂറിയ ക്ഷാമമില്ലെന്നും ഓഫ്‌ലൈനായും വളം വിതരണം ചെയ്യുന്നുണ്ടെന്നും ജില്ലാ കലക്ടർ നരേന്ദ്രകുമാർ സൂര്യവംശി പറഞ്ഞു.
പൊലീസ് കള്ളക്കേസെടുത്തതാണെന്ന് പറഞ്ഞ ചൗള താൻ ഭയക്കില്ലെന്നും കർഷകർക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞു.
തുടർന്ന് മുൻ മന്ത്രി ജിതു പട്‌വാരി, മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭൂരിയ, കോൺഗ്രസ് എം.എൽ.എ കുനാൽ ചൗധരി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കലക്‌ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തുകയും രത്‌ലം കലക്ടർ നരേന്ദ്ര സൂര്യവംശിയുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.