പ്രവാചക നിന്ദ: ഡൽഹിയിലും യു.പിയിലും പ്രതിഷേധം
text_fieldsഡൽഹി: പ്രവാചക നിന്ദക്കെതിരെ ഡൽഹിയിലും ഉത്തർപ്രദേശിലും വൻ പ്രതിഷേധറാലി. ജുമുഅക്കു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ഡൽഹി ജുമാ മസ്ജിദിനു സമീപത്തുനിന്നാണ് റാലി തുടങ്ങിയത്. പ്രവാചകനെ നിന്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഒരു മണിക്കൂറിനു ശേഷം റാലി പിരിച്ചുവിട്ടു. അതേസമയം, മസ്ജിദ് അധികൃതർ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടില്ലെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും ജുമാ മസ്ജിദ് ഇമാം അറിയിച്ചു. അസദുദ്ദീൻ ഉവൈസിയുടെ ആളുകളാവാമിതെന്നും പ്രതിഷേധം നടത്തണമെങ്കിൽ അവർക്ക് ആവാം. എന്നാൽ അവരെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജുമാമസ്ജിദിനു സമീപം പ്രതിഷേധിച്ചവരെ മുഴുവൻ നീക്കിയതായി ഡൽഹി പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നഗരത്തിലെ കടകൾ അടച്ചിരുന്നു. ലഖ്നോ, കാൺപൂർ, ഫിറോസാബാസ് എന്നീ നഗരങ്ങളിലും പ്രതിഷേധം നടന്നു. ഒരിടത്തും സംഘർമുണ്ടായതായി റിപ്പോർട്ടില്ല. സംഭവം വിവാദമായിട്ടും പരാമർശം നടത്തിയ ബി.ജെ.പി ദേശീയവക്താവ് നുപൂർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വിവാദ പരാമർശത്തിൽ വിവിധ മുസ്‍ലിം രാജ്യങ്ങൾ അടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അതേസമയം ജനങ്ങളെ സാമൂഹിക മാധ്യമങ്ങൾ വഴി ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് നുപൂർ ശർമക്കും ജിൻഡാലിനും ഉവൈസിക്കുമെതിരെ കേസെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.