ഇന്ത്യ-ഇസ്രായേൽ ബിസിനസ് സമ്മിറ്റ് വേദിക്ക് മുന്നിൽ പ്രതിഷേധം; ഫലസ്തീൻ പതാക പിടിച്ചെടുത്തു, കാമ്പസിൽ ഇസ്രായേൽ പതാക ഉയർത്തി
text_fieldsബംഗളൂരു: ഇന്ത്യയും ഇസ്രായേലും തമ്മിലെ ഉഭയകക്ഷി ഇടപാടുകളും നിക്ഷേപങ്ങളും ചർച്ച ചെയ്യാൻ ബംഗളൂരുവിൽ നടന്ന ഇന്ത്യ-ഇസ്രായേൽ ബിസിനസ് സമ്മിറ്റ് വേദിക്ക് മുന്നിൽ പ്രതിഷേധം. ബംഗളൂരു ഐ.ഐ.എസ്‍.സിക്ക് മുന്നിലാണ് തിങ്കളാഴ്ച ബംഗളൂരു ഫലസ്തീൻ സോളിഡാരിറ്റി (ബി.പി.എസ്) എന്ന ബാനറിൽ ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ അതിക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. തിങ്ക് ഇന്ത്യ, ഇന്ത്യൻ ചേംബർ ഓഫ് ഇന്റർനാഷനൽ ബിസിനസ്, മൈസൂർ ലാൻസേഴ്സ് ഹെറിറ്റേജ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിരോധം, സൈബർ സുരക്ഷ, സ്റ്റാർട്ടപ്, വെഞ്ച്വർ കാപിറ്റൽ, സുസ്ഥിര സാങ്കേതിക വിദ്യ എന്നീ മേഖലകളിലൂന്നിയ ഉച്ചകോടി സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യാവകാശങ്ങളെയും നീതിയുടെ തത്ത്വങ്ങളെയും അവഗണിച്ച്, ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ നടപടി ആയിരങ്ങളുടെ മരണത്തിന് വഴിവെച്ചെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ആയുധ പരീക്ഷണശാലയായി ഫലസ്തീൻ മാറിയിരിക്കുകയാണ്. ഫലസ്തീൻ ജനതക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അന്താരാഷ്ട്രതലത്തിൽ ഇസ്രായേലിനെ ബഹിഷ്‍കരിക്കാൻ ആഹ്വാനം നടക്കവെയാണ് ബംഗളൂരു ഐ.ഐ.എസ്.സിയിൽ ഇസ്രായേലുമായുള്ള വാണിജ്യ ബന്ധത്തിനായി ഉച്ചകോടി നടത്തുന്നത്. ഇതൊരു പതിവ് ബിസിനസല്ല. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കുള്ള പിന്തുണയാണ്. പ്രതിഷേധ പരിപാടി തടസ്സപ്പെടുത്താൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായും അവർ ചൂണ്ടിക്കാട്ടി.
പ്രകടനത്തിൽ ഉയർത്തിയ ഫലസ്തീൻ പതാകകൾ പിടിച്ചെടുത്തശേഷമാണ് പരിപാടി തുടരാൻ പൊലീസ് അനുമതി നൽകിയത്. അതേസമയം, കാമ്പസിനകത്ത് ഇസ്രായേൽ പതാക ഉയർത്തുകയും ചെയ്തു. ഇന്ത്യൻ പതാകക്ക് സമീപമാണ് ഇസ്രായേൽ പതാകയും ഉയർത്തിയത്. കോളനിവത്കരണത്തിനെതിരായ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പോരാട്ടങ്ങളെയും ജവഹർലാൽ നെഹ്റു അടക്കമുള്ള നേതാക്കൾ ഫലസ്തീന് ചരിത്രപരമായ പിന്തുണ നൽകിയ മഹിതമായ പാരമ്പര്യത്തെയും പരിഹസിക്കുന്നതാണ് ഈ നടപടിയെന്ന് പി.യു.സി.എൽ ജനറൽ സെക്രട്ടറി ഐശ്വര്യ വിമർശിച്ചു. ആക്ടിവിസ്റ്റായ ഐശ്വര്യ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പൊലീസ് ഇടപെട്ട് തടഞ്ഞു. പിന്നീടാണ് വാർത്താസമ്മേളനത്തിന് അനുമതി നൽകിയത്.
ഉച്ചകോടിയിൽ ഐ.ഐ.ടി ബാംഗ്ലൂർ, ഐ.ഐ.എം, ഐ.ഐ.എസ്.സി, എൻ.ഐ.എ.എസ് എന്നീ സ്ഥാപനങ്ങളിൽനിന്നും കർണാടക സർക്കാറിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്നതിനെ പ്രതിഷേധക്കാർ അപലപിച്ചു. ഇസ്രായേലിന്റെ വംശഹത്യ പ്രവർത്തനങ്ങളെയും തീവ്രവാദ പ്രവർത്തനങ്ങളെയും കർണാടക സർക്കാർ വെള്ളപൂശുകയാണെന്ന് വാർത്തസമ്മേളനത്തിൽ അവർ കുറ്റപ്പെടുത്തി.
പരിപാടി നടക്കുന്നുവെന്നല്ലാതെ എന്ത് പരിപാടിയാണ് നടക്കുന്നതെന്ന് തങ്ങൾക്കറിയില്ലെന്ന ഐ.ഐ.എസ്.സി അധികൃതരുടെ പ്രതികരണം വെറും കണ്ണിൽ പൊടിയിടലാണ്. അതേസമയം, തിങ്കളാഴ്ച വൈകീട്ട് മൈസൂർ ലാൻസേഴ്സിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരു ഐ.ഐ.എസ്.സിയിൽ നടത്താൻ നിശ്ചയിച്ച ‘ഹൈഫ അനുസ്മരണ’ ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും പങ്കെടുക്കുന്നത് ലജ്ജാകരമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഉച്ചകോടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും ഫാക്കൽറ്റികളുമടക്കം 1300 പേർ ഒപ്പിട്ട നിവേദനം ഐ.ഐ.എസ്.സി ഡയറക്ടർ പ്രഫ. ഗോവിന്ദൻ രംഗരാജന് കൈമാറിയിരുന്നു. എന്നാൽ, പ്രതിഷേധത്തിനിടെ ഉച്ചകോടി അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.