ഇന്ധനവില വർധന: പാർലമെന്‍റിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഇന്ധനവില വർധനക്കെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. അജണ്ടകൾ മാറ്റിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ രാജ്യസഭ രണ്ടുവരെ നടപടികൾ നിർത്തിവെച്ചു. ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എം.പിമാർ പ്ലക്കാർഡുകളുമേന്തി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി. ശിവസേന, സമാജ്വാദി പാർട്ടി, ഇടതുപക്ഷം അടക്കമുള്ള മറ്റു പ്രതിപക്ഷ എം.പിമാർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പ്രതിഷേധത്തിൽ അണിനിരന്നു.
നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് കണ്ട് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു സഭ 12 വരെ നിർത്തിവെച്ചു. അതിനു ശേഷം വീണ്ടും സഭ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നപ്പോൾ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ രണ്ടുവരെ സഭ നിർത്തി വെച്ചതായി അറിയിച്ചു. പ്രതിഷേധവുമായി സഭയിൽനിന്നിറങ്ങിയ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും വിജയ്ചൗക്കിൽ മാധ്യമങ്ങളെ കണ്ടു.
നിയമസഭ തെരഞ്ഞെടുപ്പുകൾക്കു ശേഷം ഇന്ധന വില വർധിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അന്താരാഷ്ട്ര വിപണി വില ആധാരമാക്കി ഇന്ത്യയിൽ വർധിപ്പിച്ചതാണെന്ന ന്യായം നിലനിൽക്കുന്നതല്ല. ബാരലിന് 108 ഡോളറാണ് ഇപ്പോൾ അസംസ്കൃത എണ്ണ വില. കോൺഗ്രസ് ഭരിക്കുമ്പോൾ 114 ഡോളർ വരെ ബാരലിന് ആയിട്ടും ഇതിലും വില കുറച്ച് കൊടുത്തത് ജനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാനായിരുന്നു. പാചകവാതകവും പെട്രോളും ഡീസലും മണ്ണെണ്ണയും കൊള്ളലാഭത്തിലൂടെ വിറ്റ് ചുരുങ്ങിയത് 10,000 കോടി എങ്കിലും സർക്കാർ സമാഹരിച്ചെന്നും ഖാർഗെ ആരോപിച്ചു.
കോൺഗ്രസിന്‍റെ ശക്തിസിങ് കോഹിൽ, തൃണമൂലിന്‍റെ ഡോലാ സെൻ, സി.പി.എമ്മിന്‍റെ എളമരം കരീം, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില വർധിപ്പിക്കുമെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയതാണെന്ന് ഇരു സഭകളിൽനിന്നും ഇറങ്ങി വന്ന പ്രതിപക്ഷ നേതാക്കളായ ജയ ബച്ചൻ, സഞ്ജയ് സിങ്, ശശി തരൂർ എന്നിവരും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.