വിദ്യാർഥിനിയുടെ ആത്മഹത്യയിൽ തമിഴ്നാട്ടിൽ വൻ സംഘർഷം; നിരവധി വാഹനങ്ങൾ കത്തിച്ചു
text_fieldsചെന്നൈ: പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് തമിഴ്നാട്ടിലെ സേലത്തുനിന്ന് 100 കി.മീ. അകലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്ത് വൻ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മറ്റ് രക്ഷിതാക്കളും സ്കൂളിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാമർശമുണ്ടായതാണ് ബന്ധുക്കളെയും നാട്ടുകാരെയും പ്രകോപിപ്പിച്ചത്. സ്കൂൾ ബസുകളും പൊലീസ് ജീപ്പുകളും ഉൾപ്പെടെ 50ഓളം വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും തല്ലിത്തകർക്കുകയും ചെയ്തു.
പൊലീസിന് നേരെ കല്ലേറുണ്ടായി. ട്രാക്ടർ ഓടിച്ചുകയറ്റിയും സ്കൂൾ ബസുകൾ തകർത്തു. സ്കൂളിന്റെ ഗേറ്റ് തകർത്ത് അകത്ത് കടന്ന പ്രതിഷേധക്കാർ കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തു. ഓഫിസ് മുറിയിലെയും ക്ലാസ് മുറികളിലെയും കമ്പ്യൂട്ടറുകൾക്കും ഫർണിച്ചറുകൾക്കും തീയിട്ടു. സ്കൂൾ പാചകമുറിയിലെ ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അഗ്നിക്കിരയായി. ഒരുഘട്ടത്തിൽ അഗ്നിരക്ഷാസേനയെ പ്രതിഷേധക്കാർ തിരിച്ചയച്ചു. ഒരുവിഭാഗമാളുകൾ സ്കൂളിലെ എ.സി, കമ്പ്യൂട്ടറുകൾ, ബെഞ്ചുകൾ തുടങ്ങിയവ കടത്തിക്കൊണ്ടുപോയി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും പ്രയോഗിച്ചു. പിന്നീട് രണ്ടുതവണ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ആറ് മണിക്കൂർ നേരം ചിന്നസേലം യുദ്ധക്കളമായി മാറി. സംഘർഷത്തിനിടെ ഡി.ഐ.ജി എം. പാണ്ഡ്യൻ, കള്ളക്കുറിച്ചി എസ്.പി ശെൽവകുമാർ ഉൾപ്പെടെ 20ഓളം പൊലീസുകാർക്ക് പരിക്കേറ്റു. വിഡിയോ ചിത്രീകരിച്ചിരുന്ന മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. സമീപ ജില്ലകളിലെ പൊലീസുകാരെ എത്തിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതോടെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ സ്കൂളിന് മുന്നിൽ സേലം- ചെന്നൈ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. ഒരുവിഭാഗമാളുകൾ സ്കൂളിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കള്ളക്കുറിച്ചി, ചിന്നസേലം താലൂക്കുകളിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ജൂലൈ 13ന് പുലർച്ചയാണ് ചിന്നസേലം കനിയാമൂരിലെ സ്വകാര്യ ഇന്റർനാഷനൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടി കടലൂർ വേപ്പൂർ പെരിയനെസലൂർ സ്വദേശിനിയായ 17കാരി ജീവനൊടുക്കിയത്. 'നീതിക്കുവേണ്ടി പോരാട്ടം' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ്പുകൾ മുഖേനയാണ് പ്രതിഷേധ പരിപാടിക്ക് ജനങ്ങളെ സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.