സുരക്ഷ വീഴ്ചയിൽ പ്രതിഷേധം; കേരളത്തിൽ നിന്നുള്ള ആറു പേരടക്കം 15 എം.പിമാർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിലെ തുല്യതയില്ലാത്ത സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് സഭാ നടപടികൾ സ്തംഭിപ്പിച്ച 15 പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രതികൾക്ക് ലോക്സഭാ പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്കെതിരായ നടപടിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണവും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭാ നടപടി തടസ്സപ്പെടുത്തിയത്. കേരളത്തിൽനിന്നുള്ള ആറ് പേരടക്കം കോൺഗ്രസിന്റെ ഒമ്പതും സി.പി.എമ്മിന്റെയും ഡി.എം.കെയുടെയും രണ്ടു വീതവും സി.പി.ഐയുടെ ഒന്നും എം.പിമാരെ ലോക്സഭയിൽനിന്നും തൃണമൂൽ കോൺഗ്രസ് സഭാ നേതാവിനെ രാജ്യസഭയിൽനിന്നും ഈ സമ്മേളനം തീരുന്നതുവരെയാണ് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലായ എം.പിമാർ സഭ വിട്ടുപോകാതെ ഇരു സഭകളിലും കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും പിന്നീട് പിരിഞ്ഞുപോയി. സസ്പെൻഡ് ചെയ്ത് ചെയർമാൻ ആജ്ഞാപിച്ചിട്ടും സഭ വിടാതിരുന്ന ഡെറിക് ഒബ്റേനെതിരെ അവകാശ ലംഘന നടപടിക്കും ചെയർമാനും കേന്ദ്ര സർക്കാറും ചേർന്ന് രാജ്യസഭയിൽ തുടക്കമിട്ടു.
ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഡീൻ കുര്യാക്കോസ്, ജ്യോതി മണി, മണിക്കം ടാഗോർ, മുഹമ്മദ് ജാവേദ് എന്നിവരാണ് സസ്പെൻഷനിലായ കോൺഗ്രസ് എം.പിമാർ. തമിഴ്നാട്ടിൽനിന്നുള്ള സി.പി.എം എം.പിമാരായ പി.ആർ. നടരാജൻ, എസ്. വെങ്കിടേശൻ, ഡി.എം.കെ എം.പിമാരായ കനിമൊഴി, എസ്.കെ. പാർഥപൻ, സി.പി.ഐ എം.പി കെ. സുബ്ബരായൻ എന്നിവരും ലോക്സഭയിൽനിന്ന് സസ്പെൻഷനിലായി.
പാർലമെന്റ് ആക്രമണം മറ്റു നടപടികൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നൽകിയ നോട്ടീസുകൾ തള്ളിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിലേക്ക് നയിച്ചത്.
രാവിലെ 11ന് സമ്മേളിച്ചപ്പോൾ അടിയന്തര ചർച്ചക്കുള്ള പ്രതിപക്ഷ എം.പിമാരുടെ നോട്ടീസുകൾ തള്ളിയതായി ലോക്സഭ സ്പീക്കർ ഓം ബിർളയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖറും അറിയിച്ചപ്പോൾ ‘അമിത് ഷാ ഉത്തരം പറയൂ, അമിത് ഷാ രാജിവെക്കൂ, പാസ് നൽകിയ എം.പിക്കെതിരെ നടപടിയെടുക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എഴുന്നേറ്റു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് എം.പിമാരുടെ പേര് വിളിച്ച് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ആരും പിന്മാറിയില്ല.
രണ്ട് തവണ സ്തംഭിച്ചശേഷം ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും സമ്മേളിച്ചപ്പോൾ ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ്, ഡീൻ കുര്യാക്കോസ്, ജ്യോതി മണി എന്നീ അഞ്ച് പേരെ സഭയിൽ അപമര്യാദ കാണിച്ചതിനും സഭാ ചെയർമാനെ അനുസരിക്കാതിരുന്നതിനും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിച്ചു. ശബ്ദവോട്ടോടെ അത് പാസാക്കി സഭ മൂന്ന് മണിവരെ നിർത്തിവെച്ചെങ്കിലും അഞ്ച് പേരും സഭ വിട്ടുപോയില്ല. വീണ്ടും മൂന്ന് മണിക്ക് സമ്മേളിച്ചപ്പോൾ ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, മണിക്കം ടാഗോർ, മുഹമ്മദ് ജാവേദ്, പി.ആർ. നടരാജൻ, എസ്. വെങ്കിടേശൻ, കനിമൊഴി, എസ്.കെ. പാർഥപൻ, കെ. സുബ്ബരായൻ എന്നിവരെക്കൂടി സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം ലോക്സഭ പാസാക്കി.
രാജ്യസഭയിൽ പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി രാജ്യസഭാ സെക്രട്ടറി ജനറലിന്റെ കസേരയുടെ അരികിലേക്ക് ഡെറിക് ഒബ്റേൻ ചെന്നതാണ് ചെയർമാനെ പ്രകോപിപ്പിച്ചത്. ആദ്യം സഭ വിട്ടുപോകാൻ ഡെറികിനോട് ചെയർമാൻ പറഞ്ഞപ്പോൾ കൂട്ടാക്കിയില്ല. തുടർന്ന് 12 മണിക്ക് ഡെറികിനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ച് പാസാക്കി.
തുടർന്നും ഡെറിക് പോകാൻ കൂട്ടാക്കാതിരുന്നതിനെതുടർന്ന് നിരവധി തവണ നിർത്തിവെച്ച സഭ നാല് മണിക്ക് വീണ്ടും വിളിച്ച് അവകാശലംഘന നടപടിക്കും തുടക്കമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.