പ്രവാചക നിന്ദ: ബി.ജെ.പി എം.എൽ.എക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധം ശക്തം
text_fieldsഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയ കേസിൽ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജ സിങ്ങിന് കോടതി ജാമ്യം നൽകിയതിൽ ഹൈദരാബാദിൽ പ്രതിഷേധം ശക്തമാവുന്നു. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ്ചെയ്യുന്നതിന് മുമ്പ് പൊലീസ് സുപ്രീംകോടതിയുടെ മാർഗനിർദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് മെട്രൊപൊളീറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
ചാർമിനാർ അടക്കമുള്ള മേഖലയിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ പ്രതിഷേധം വീണ്ടും ശക്തമായത്. തുടർന്ന് ഹൈദരാബാദിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണ വിേധയമാണെന്ന് ചാർമിനാർ അസി. പൊലീസ് കമീഷണർ ജി. ബിക്ഷാം റെഡ്ഢി പറഞ്ഞു. പരാമർശം വിവാദമായതോടെ ബി.ജെ.പി രാജാ സിങ്ങിനെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങയ രാജക്ക് ബി.ജെ.പി ഓഫിസിൽ സ്വീകരണം നൽകി. എം.എൽ.എയ്ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധിച്ചത്. ചാർമിനാറിലെ ഷഹലിബന്ദ റോഡിൽ ബുധനാഴ്ച വൈകീട്ടും വൻ തോതിൽ പ്രതിഷേധം നടന്നു.
രാജയ്ക്ക് കോടതിയിൽ നിന്നു എളുപ്പത്തിൽ ജാമ്യം ലഭിക്കാനിടയായതിൽ പൊലീസിന് വൻ വീഴ്ച സംഭവിച്ചതായി മുസ് ലിം സംഘടനകൾ ആരോപിച്ചു. ജാമ്യം ലഭിക്കാനിടയാക്കിയ സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്നും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. തെലങ്കാനയിലെ സമാധാനം തകർക്കാനാണ് ബി.ജെ.പി, സംഘ്പരിവാർ ശക്തികൾശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.