എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ; വേണ്ട, വിദൂര വോട്ടുയന്ത്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാരായ വോട്ടർമാർക്ക് ഇതരസംസ്ഥാനത്തുനിന്ന് വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വിദൂര വോട്ടുയന്ത്രത്തെ എതിർക്കാൻ പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം തീരുമാനിച്ചു. കമീഷൻ നിർദേശത്തിൽ വലിയ രാഷ്ട്രീയ അസ്വാഭാവികതയും പ്രശ്നങ്ങളുമുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ദേശീയ, സംസ്ഥാന അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് മുന്നിൽ തിങ്കളാഴ്ച വിദൂര വോട്ടുയന്ത്രം (ആർ.വി.എം) പ്രദർശിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നിർണായക തീരുമാനം. ഞായറാഴ്ച ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന യോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
കുടിയേറ്റ വോട്ടർമാരുടെ നിർവചനം, കുടിയേറ്റ തൊഴിലാളികളുടെ എണ്ണം എന്നിവയൊന്നും കൃത്യതയില്ലാത്തതാണെന്നും അതുകൊണ്ടുതന്നെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും വിദൂര വോട്ടുയന്ത്രത്തിനുള്ള കമീഷൻ നിർദേശത്തെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പറഞ്ഞു.വിദൂര വോട്ടുയന്ത്രത്തെക്കുറിച്ച് ജനുവരി 31നകം അഭിപ്രായമറിയിക്കാൻ രാഷ്ട്രീയപാർട്ടികളോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനുവരി 25ന് വീണ്ടും യോഗം ചേരാൻ പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചു.
വിദൂര വോട്ടുയന്ത്രങ്ങളെ (ആർ.വി.എം) കുറിച്ച് തന്നെ നിരവധി ആശങ്കകളുണ്ടെന്ന് ദിഗ്‍വിജയ് സിങ് തുടർന്നു. ഇവ വേറിട്ട് നിർത്തുമോ, ഇന്റർനെറ്റുമായി ബന്ധിപ്പിക്കുമോ, ആരാണ് നിർമാതാക്കാൾ, ആരാണ് മൈക്രോചിപ്പ് നൽകുന്നത്, ആരുടേതാണ് സോഫ്റ്റ്വെയർ തുടങ്ങിയ ആശങ്കകൾ കമ്പ്യൂട്ടർ വിദഗ്ധരുമായുള്ള കൂടിയാലോചനക്കുശേഷം പ്രഫഷനലുകളും പൗരസമൂഹവും ഉയർത്തിയിരുന്നു. ഈ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും കമീഷൻ മറുപടി നൽകിയിട്ടിെല്ലന്നും ദിഗ്‍വിജയ് സിങ് കൂട്ടിച്ചേർത്തു.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം നേതാവ് നീലോൽപൽ ബസു, രാജ്യസഭയിലെ സ്വതന്ത്ര അംഗം കപിൽ സിബൽ, ആർ.ജെ.ഡി രാജ്യസഭാകക്ഷി നേതാവ് പ്രഫ. മനോജ് കുമാർ ഝാ, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം ഉമർ, അനിൽ പ്രസാദ് ഹെഗ്ഡെ, അഫാഖ് അഹ്മദ് ഖാൻ (ജനതാദൾ യു) പ്രവീൺ മഹാതോ, സചിൻ പരാസൻ (ശിവസേന), പ്രവീൺ ചക്രവർത്തി (കോൺഗ്രസ്), ശത്രുജിത് സിൻഹ (ആർ.എസ്.പി),
ഷമ്മി ഒബറോയ് (ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ്) സുഹൈൽ ബുഖാരി (പി.ഡി.പി), ഡോ. ഡി. രവികുമാർ (വി.സി.കെ), വിജയ് ഹരിസ്ഡക്, സുപ്രിയോ ഭട്ടാചാര്യ(ഝാർഖണ്ഡ് മുക്തിമോർച്ച) എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൻ.സി.പിയും സമാജ്‍വാദി പാർട്ടിയും തങ്ങളുടെ നിലപാട് അറിയിച്ചുവെന്ന് ദിഗ്‍വിജയ് സിങ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, കേരള കോൺഗ്രസ് (എം), ആർ.എൽ.ഡി പ്രതിനിധികൾ പങ്കെടുത്തില്ല.
തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്
തൊഴിലിനും വ്യാപാരത്തിനും മറ്റുമായി അന്തർസംസ്ഥാനത്ത് കഴിയുന്ന വോട്ടർമാർക്ക് അവിടെനിന്ന് സ്വന്തം നാട്ടിലെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാനായി തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ചതാണ് വിദൂര വോട്ട് യന്ത്രം അഥവാ റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ. കുടിയേറ്റക്കാരായ വോട്ടർമാർ കൂടുതലുള്ള പ്രദേശങ്ങളിൽ പോളിങ് ബൂത്ത് ഒരുക്കി പുതിയ വോട്ട് യന്ത്രം സ്ഥാപിക്കും. ഇതിനായി വികസിപ്പിച്ച ഒരു വോട്ട് യന്ത്രത്തിൽ 72 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയും. കുടിയേറ്റ വോട്ടർമാർ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളുടെ എണ്ണത്തിനനുസരിച്ച് വിദൂര വോട്ട് യന്ത്രങ്ങളുടെ എണ്ണവും കമീഷന് ക്രമീകരിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.