മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു
text_fieldsഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽനിന്ന് കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് സംഘർഷം വ്യാപിക്കുന്നു. കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വീട്ടിലേക്ക് ആൾക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ്ങിന്റെ വീടും ആക്രമിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ മരുമകൻ കൂടിയായ ബി.ജെ.പി എം.എൽ.എ ആർ.കെ. ഇമോയുടെ വീടാണ് ഉപരോധിച്ചത്. കാണാതായവരെ കൊലപ്പെടുത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. സ്വതന്ത്ര എം.എൽ.എ സപം നിഷികാന്ത സിങ്ങിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാർ എം.എൽ.എ സ്ഥലത്തില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രം ഓഫിസ് ആക്രമിച്ചു.
മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്ത ഇംഫാൽ താഴ്‌വരയിൽ പരന്നതോടെ ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. അതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച സ്‌കൂളുകൾക്കും കോളജുകൾക്കും അവധിയായിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
മണിപ്പൂർ-അസം അതിർത്തിയിലെ ജിരി നദിയുടെയും ബരാക് നദിയുടെയും സംഗമസ്ഥാനത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജിരിബാമിലെ ബോറോബെക്രയിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് രണ്ട് കുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടം ചെയ്യാനായി മാറ്റി. തിങ്കളാഴ്ച രാത്രി ബോറോബെക്രയിൽനിന്ന് മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറുപേരെയാണ് കാണാതായത്. ഇവരെ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.