കർഷക പ്രക്ഷോഭകർ പക്ഷിപ്പനി പടർത്താൻ ഗൂഢാലോചന നടത്തുന്നു; ആരോപണവുമായി ബി.ജെ.പി നേതാവ്
text_fieldsജയ്പൂർ: കർഷക പ്രക്ഷോഭത്തെ വിമർശിച്ച് ബി.ജെ.പി രാജസ്ഥാൻ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ മദൻ ദിലവർ. സമരം നടത്തുന്ന കർഷകർ ചിക്കൻ ബിരിയാണിയും കശുവണ്ടിയും ബദാമും കഴിച്ച് രാജ്യത്ത് പക്ഷിപ്പനി പടർത്താൻ ഗൂഢാലോചന നടത്തുകയാണെന്ന് മദൻ ദിലവർ ആരോപിച്ചു.
കൃഷിക്കാർ ഇന്ത്യയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ചിക്കൻ ബിരിയാണിയും കശുവണ്ടിയും കഴിച്ച് വിനോദയാത്ര ആസ്വദിക്കുന്നു. തീവ്രവാദികളും കള്ളന്മാരും കർഷകരുടെ ശത്രുക്കളും പ്രക്ഷോഭത്തിലുണ്ടാകാം. മാന്യമായി അഭ്യർഥിച്ചോ കർശന നടപടികൾ സ്വീകരിച്ചോ സർക്കാർ കർഷകരെ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മദൻ ദിലവർ വിഡിയോയിലൂടെ പറയുന്നു.
ബി.െജ.പി നേതാവിന്‍റെ പ്രസ്താവനക്കെതിരെ രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസ്താര രംഗത്തെത്തി. കർഷകർക്കെതിരെ തീവ്രവാദികൾ, മോഷ്ടാക്കൾ എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് ഭക്ഷണം നൽകിയവരാണ് കൃഷിക്കാർ. അവരുടെ പ്രക്ഷോഭത്തെ നിങ്ങൾ വിനോദയാത്ര എന്ന് പരിഹസിക്കുന്നു, പക്ഷിപ്പനി പടർത്തുമെന്ന് ആരോപിക്കുന്നു. ബി.ജെ.പിയുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് മദൻ ദിലവറിന്‍റെ പ്രസ്താവനയെന്നും ഗോവിന്ദ് സിങ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.