നീലിമയാർന്ന സമരവേലിയേറ്റം; ജയ് ഭീം വിളികളാൽ മുഖരിതം
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്ഥിരം സമരഭൂമിയായ ജന്തർമന്തറിലെ സമരങ്ങളെ വെല്ലുന്ന സമരവേലിയേറ്റത്തിനാണ് പാർലമെന്റ് വളപ്പ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. ‘അംബേദ്കറെ അപമാനിച്ച അമിത് ഷായുടെ രാജി ആവശ്യപ്പെട്ട്’ ദലിത് രാഷ്ട്രീയം ഉയർത്തിക്കാട്ടി നീല ഷർട്ടും ഷാളുകളുമണിഞ്ഞ് നീല പശ്ചാത്തലത്തിലുള്ള അംബേദ്കറുടെ ഛായാചിത്രങ്ങളുമേന്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഞാൻ അംബേ്ദകർ എന്ന പോസ്റ്ററുമേന്തിയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരം നയിച്ചത്. അവകാശ സമരങ്ങളിൽ ദലിത് ആക്ടിവിസ്റ്റുകൾ പതിവായി കേൾക്കാറുള്ള ‘ജയ് ജയ് ജയ് ജയ് ഭീം’ കോൺഗ്രസിന്റെ വനിതാ ദലിത് എം.പിമാർ ഉറക്കെ വിളിച്ചപ്പോൾ ഖാർഗെയും രാഹുലും പ്രിയങ്കയും അടക്കമുള്ളവർ ഒന്നടങ്കം അതേതാളത്തിൽ ഏറ്റുചൊല്ലി.
നീലയണിഞ്ഞ ഇൻഡ്യ എം.പിമാർ അംബേദ്കർ പ്രതിമക്ക് മുന്നിൽ ധർണ നടത്തി പാർലമെന്റിന്റെ മുന്നിലേക്ക് എത്തുന്നതിനു മമ്പേ അംബേദ്കറിന്റെ ചിത്രങ്ങളേന്തി ബി.ജെ.പി എം.പിമാരും എത്തിയിരുന്നു. ഇരുവരും മുഖാമുഖമെത്തിയതോടെ മുദ്രാവാക്യങ്ങളിൽ തുടങ്ങിയ വർധിതവീര്യം ഉന്തിലും തള്ളിലും എം.പിമാരുടെ പരിക്കിലും കലാശിച്ചു. പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമക്ക് ജീവൻവെച്ചിരുന്നെങ്കിൽ ദേശീയരാഷ്ട്രീയത്തിൽതന്നെ അസ്പൃശ്യരായി മാറ്റി നിർത്തിയവരുടെ പിന്മുറക്കാർ തനിക്കായി പോരടിക്കുന്ന അസാധാരണ കാഴ്ച കണ്ട് അന്ധാളിച്ചേനെ. കവാടം ബി.ജെ.പിക്കാർ വിട്ടുതരില്ലെന്ന് കണ്ടതോടെ അതിനു മുന്നിലെ കൈവരികളിൽ കയറിനിന്നാണ് ജെബി മേത്തർ അടക്കമുള്ളവർ ജയ് ഭീം മുദ്രാവാക്യം മുഴക്കിയത്.
അമിത് ഷായുടെ വിഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാക്കൾക്ക് എക്സിന്റെ നോട്ടീസ്
ന്യൂഡൽഹി: രാജ്യസഭയിലെ ഭരണഘടന ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ആർ. അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ചുള്ള വിഡിയോ പങ്കുവെച്ചതിന് കോൺഗ്രസിനും പാർട്ടി നേതാക്കൾക്കും സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ എക്സ് നോട്ടീസ് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നോട്ടീസ് അയച്ചതെന്ന് കോൺഗ്രസ് മീഡിയ ചുമതലയുള്ള സുപ്രിയ ശ്രീനാറ്റെ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലിനും തനിക്കും ഉൾപ്പെടെയുള്ള നേതാക്കൾക്ക് എക്സിൽനിന്ന് മെയിൽ ലഭിച്ചു. ഞങ്ങൾ പോസ്റ്റ് ചെയ്ത, ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കറിനെതിരായ വിഡിയോ നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രാലയവും ഐ.ടി വകുപ്പും അവർക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഇ- മെയിലിലുണ്ട്. ഞങ്ങൾ ചില നിയമങ്ങൾ ലംഘിച്ചുവെന്നാണ് അതിൽ പറയുന്നത്. ഏതൊക്കെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് മനസ്സിലാകുന്നില്ലെന്നും സുപ്രിയ ശ്രീനാറ്റെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.