ആന്ധ്രയിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് യുവാവ് മരിച്ചു; പ്രതിഷേധം
text_fieldsവിശാഖപട്ടണം: ആന്ധ്രപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നിർമാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം. നിർമാണ തൊഴിലാളിയായ ജി. സൂര്യനാരായണയാണ് മരിച്ചത്. ടൂറിസം മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിന്‍റെ അകമ്പടി വാഹനമാണ് അപകടത്തിന് ഇടയാക്കിയത്.
മാധവധാര ദേശീയപാതയിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന സൂര്യനാരായണനെ കാർ ഇടിച്ചിട്ടശേഷം നിർത്താതെ പോകുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ തയാറായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രവർത്തകരും സൂര്യനാരായണയുടെ ബന്ധുക്കളും സീതമ്മധരയിലെ മന്ത്രിയുടെ വീടിന് മുമ്പിൽ തടിച്ചുകൂടുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രതിഷേധം ശക്തമായതോടെ ഇരയുടെ ബന്ധുക്കളും ട്രേഡ് യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. സൂര്യനാരായണയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിക്കും രണ്ടു മക്കൾക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതിനിടയിൽ ജനസേന പ്രവർത്തകരും മന്ത്രിയുടെ വീടിന് മുമ്പിൽ ധർണയുമായി തടിച്ചുകൂടിയായിരുന്നു. സൂര്യനാരായണയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.