ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നു; ബി.ജെ.പി തനിക്ക് കൂടുതൽ സ്വാതന്ത്ര്യം തന്നു -കർണാടക മുഖ്യമന്ത്രി
text_fieldsബെംഗലൂരു: താൻ ബി.ജെ.പിയുടെ കളിപ്പാവയാണെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. 2008ൽ ബി.ജെ.പിയിൽ ചേർന്ന ബൊമ്മൈക്ക് ആർ.എസ്.എസ് വേരുകളില്ല. സോഷ്യലിസ്റ്റ് മൂവ്മെന്റുമായും ജനതാദളുമായാണ് ബൊമ്മൈ നേരത്തേ പ്രവർത്തിച്ചിരുന്നത്.
കർണാടക മുൻ മുഖ്യമന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണിദ്ദേഹം. ആർ.എസ്.എസിനെതിരെ കോൺഗ്രസ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്നാൽ ആർ.എസ്.എസ് എന്താണെന്നത് ജനങ്ങൾക്ക് നല്ല നിശ്ചയമാണെന്നും ദേശസ്നേഹമുള്ള സംഘടനയാണതെന്നും ബൊമ്മെ വ്യക്തമാക്കി.
സർക്കാരിൽ നേതൃമാറ്റം വരുന്നു എന്ന റിപ്പോർട്ടുകളും ബൊമ്മൈ നിഷേധിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കാൻ ബി.ജെ.പി നേതൃത്വം തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ബൊമ്മൈ ആവർത്തിച്ചു. മുൻഗാമിയായ ബി.എസ് യെദ്യൂരപ്പയെ മുന്നറിയിപ്പില്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ചോദ്യത്തിന് "എല്ലാ ദിവസവും ഞായറാഴ്ചയല്ല, ബി.ജെ.പി നേതൃത്വം എനിക്ക് ഒരു സ്വതന്ത്ര കൈ തന്നിട്ടുണ്ട്"-എന്നായിരുന്നു ബൊമ്മൈയുടെ മറുപടി.
ജനായത്ത തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഓപറേഷൻ താമരയിലൂടെ അധികാരത്തിൽവന്ന ബി.ജെ.പി സർക്കാർ നിയമവിരുദ്ധ സർക്കാറാണെന്നും മുഖ്യമന്ത്രി യോഗ്യതയില്ലാത്തയാളാണെന്നും സിദ്ധരാമയ്യ വിമർശിച്ചിരുന്നു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ കർണാടകയിലെ ബി.ജെ.പി സർക്കാറിനെ കുറിച്ച് മന്ത്രിസഭാംഗം കൂടിയായ മധുസ്വാമിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും എങ്ങനെയൊക്കെയോ മുന്നോട്ടുപോവുകയാണെന്നുമായിരുന്നു മധുസ്വാമിയുടെ സംഭാഷണം. ഈ ശബ്ദസന്ദേശം വൈറലായിരുന്നു.
'കഴിവില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അദ്ദേഹം ആർ.എസ്.എസിന്റെ കൈയിലെ കളിപ്പാവയാണ്. മന്ത്രി മധുസ്വാമി പറഞ്ഞതുപോലെ ഇവിടെ ഒരു സർക്കാറുമില്ല, ഒരു ഭരണവുമില്ല' -സിദ്ധരാമയ്യ പറഞ്ഞു. സർക്കാറിനെതിരെ കരാറുകാരുടെ സംഘടന ഉന്നയിച്ച 40 ശതമാനം കമീഷൻ എന്ന ആരോപണത്തെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ, ഒരു ആരോപണമുയർന്നാൽ അവിടെ അന്വേഷണം നടക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.