മോദിയുടെ ബിരുദം വ്യാജമല്ലെന്ന് തെളിയിക്കൂ; വീണ്ടും വെല്ലുവിളിച്ച് ‘ആപ്’
text_fieldsന്യൂഡൽഹി: ബിരുദം വ്യാജമല്ലെന്ന് തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി. ബിരുദം സംബന്ധിച്ച സത്യം രാജ്യത്തോട് വെളിപ്പെടുത്താൻ ആം ആദ്മി പാർട്ടി വക്താവായ എം.പി. സഞ്ജയ് സിങ് മോദിയെ വെല്ലുവിളിച്ചു. ബിരുദം വ്യാജമാണെങ്കിൽ ലോക്സഭാംഗത്വം നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പ് കമീഷനെ തെറ്റായ വിവരം നൽകി കബളിപ്പിച്ചെന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാവുകയും ചെയ്യുമെന്ന കാര്യവും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.
‘പ്രധാനമന്ത്രിയുടെ ബിരുദം സംശയത്തിന്റെ നിഴലിലായതോടെ ബി.ജെ.പി നേതാക്കളെല്ലാം വെപ്രാളത്തിലാണ്. ബിരുദം വ്യാജമല്ലെന്ന് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ് ബി.ജെ.പി മന്ത്രിമാരും വക്താക്കളുമെല്ലാം’ -സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ തുടർച്ചയായി ചോദ്യം ചെയ്തുവരുകയാണ് ആം ആദ്മി പാർട്ടി. ഏഴു വർഷം മുമ്പ് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇതുസംബന്ധിച്ച് നൽകിയ ഹരജി തള്ളിയ ഗുജറാത്ത് ഹൈകോടതി 25,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.
എന്നാൽ, അതിനുശേഷവും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ജനങ്ങൾ അറിയേണ്ടതാണെന്ന് കെജ്രിവാൾ പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.