ഇ. അബൂബക്കറിന് ഫലപ്രദമായ ചികിത്സ നൽകാൻ ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് ഇ. അബൂബക്കറിന് എല്ലാ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകാൻ തിഹാർ ജയിൽ സൂപ്രണ്ടിന് ഡൽഹി ഹൈകോടതി നിർദേശം. ചികിത്സക്കായി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട്, സംഘടന നിരോധനത്തെ തുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന അബൂബക്കർ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ജാമ്യം അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇ. അബൂബക്കർ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. അബൂബക്കറിന്റെ ഹരജിയിൽ എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) മറുപടി നൽകണം. സ്വന്തം നിലക്ക് ചലിക്കാനാകാത്ത അബൂബക്കറിന് ഒരു സഹായിയെ വെച്ചുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അദിത് പൂജാരി ബോധിപ്പിച്ചു.
മലയാളവും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് സഹായിയുമായി ആശയ വിനിമയം നടത്താനാവുന്നില്ല. ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു സ്കൂൾ അധ്യാപകനായിരുന്നു അബൂബക്കർ എന്നും 71ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായാണ് ജയിലിൽ എത്തുന്നതെന്നും പൂജാരി വാദിച്ചു. എന്നാൽ, ഈ വാദത്തെ എതിർത്ത എൻ.ഐ.എ അബൂബക്കർ ഹിന്ദിയിൽ പ്രസംഗിക്കുന്നതിന്റെ വിഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.