'പ്രതിഷേധിക്കുന്ന പഞ്ചാബിലെ കർഷകരെ ആശ്വസിപ്പിക്കണം' -മോദിയോട് രാഹുൽ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പഞ്ചാബിലെ കർഷകരെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദസറയോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ കോലം പഞ്ചാബിലെ കർഷകർ കത്തിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
'കഴിഞ്ഞദിവസം പഞ്ചാബിലെ എല്ലായിടത്തും ഇത് സംഭവിച്ചു. പഞ്ചാബിന് പ്രധാനമന്ത്രിയോട് ഇത്രയും ദേഷ്യം തോന്നുന്നതിൽ സങ്കടം തോന്നുന്നു. ഇത് വളരെ അപകടകരവും രാജ്യത്തിനെ ദോഷകരമായി ബാധിക്കുന്നതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ എത്തണം. കർഷകരെ കേൾക്കുകയും അവർക്ക് ആശ്വാസം നൽകുകയും വേണം' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചെന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിെൻറ കുറിപ്പ്.
സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും മഹാരാഷ്ട്രയിലുമെല്ലാം പ്രതിഷേധം ശക്തമായിരുന്നു. പഞ്ചാബിലെ കർഷകർ ദിവസങ്ങളായി തെരുവുകളിൽ പ്രതിഷേധത്തിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നു. കൂടാതെ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ കേന്ദ്രത്തിെൻറ കാർഷിക നിയമങ്ങളെ പ്രതിരോധിക്കുന്നതിനായി ബദൽ കാർഷിക നിയമങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.