യു.പി.ഐ, എ.ടി.എം വഴി ഇനി പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാം
text_fieldsന്യൂഡൽഹി: തൊഴിലാളികൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന പരിഷ്കരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). ഇനി മുതൽ യു.പി.ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും എ.ടി.എം വഴിയും പി.എഫ് തുക പിൻവലിക്കാൻ സാധിക്കും.കൂടാതെ ജീവനക്കാർക്ക് യു.പി.ഐ വഴി പി.എഫ് അക്കൗണ്ടിന്റെ ബാലൻസ് പരിശോധിക്കാനും ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ പിൻവലിക്കാനും സാധിക്കുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്‌റ വ്യക്തമാക്കി.
ഈ വർഷം മെയ് അവസാനത്തോടെയാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരുക. പി.എഫ് പിൻവലിക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി 120 ലധികം ഡാറ്റാബേസുകൾ സംയോജിപ്പിച്ച് ഇ.പി.എഫ്.ഒ പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ക്ലെയിം പ്രോസസ്സിങ് സമയം മൂന്ന് ദിവസമായി കുറക്കുകയും 95% ക്ലെയിമുകൾ ഓട്ടോമേറ്റഡ് ആക്കുകയും ചെയ്തു. ഡിസംബർ മുതൽ 78 ലക്ഷം പെൻഷൻകാർക്ക് ഏത് ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കിയതായും ഇ.പി.എഫ്.ഒ അംഗങ്ങളുടെ എണ്ണം 7.5 കോടി കടന്നതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള 147 പ്രാദേശിക ഓഫീസുകൾ വഴി പ്രതിമാസം 10 -12 ലക്ഷം പുതിയ അംഗങ്ങൾ ഈ സംവിധാനത്തിൽ ചേർന്നു വരികയാണ്. യു.പി.ഐ, എ.ടി.എം മുഖേന പി.എഫ് പിൻവലിക്കൽ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിഷ്‌കരണത്തിൽ സുപ്രധാന നാഴികക്കല്ലാകും. മാത്രമല്ല, ഈ പരിഷ്‌കരണം ജീവനക്കാർക്കും തൊഴിലുടമകൾക്കും വലിയൊരു ആശ്വാസമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.