പ്രകോപനപരമായ പ്രവർത്തനം: സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ യു.കെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ. പ്രകോപനപരമായ പ്രവർത്തനങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ‘വിദേശകാര്യ മന്ത്രിയുടെ യു.കെ സന്ദർശന വേളയിൽ സുരക്ഷാ ലംഘനം നടന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു.
വിഘടനവാദികളുടെയും തീവ്രവാദികളുടെയും ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകൾ പൂർണമായും നിറവേറ്റുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബുധനാഴ്ച ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഒരാൾ ജയശങ്കറിന്റെ വാഹനത്തിലേക്ക് പാഞ്ഞുകയറുകയും ഇന്ത്യൻ പതാക കീറുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സമയം ഖലിസ്ഥാൻ അനുകൂലികൾ വേദിക്ക് പുറത്ത് തടിച്ചുകൂടി ഖലിസ്ഥാൻ പതാക വീശി ജയശങ്കറിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.
ഇവർ മന്ത്രിയുടെ സംസാരം തടസ്സപ്പെടുത്താൻ ശ്രമിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പിന്നിൽ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.