മരപ്പണിക്കാരന്റേയും തയ്യൽക്കാരിയുടേയും മകൾക്ക് പി.എസ്.ഇ.ബി പരീക്ഷയിൽ മിന്നും ജയം
text_fieldsഫിറോസ്പുർ: സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് കൗമാരക്കാരിക്ക് സ്കൂൾ പരീക്ഷയിൽ മിന്നും ജയം. പഞ്ചാബ് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയിലാണ് നാൻസി റാണി എന്ന 15കാരി ഒന്നാമതെത്തിയത്. സതിയേവാല ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥിനിയായ നാൻസി റാണി പി.എസ്.ഇ.ബി പരീക്ഷയിൽ 644 മാർക്ക് നേടി. നാൻസിയുടെ അച്ഛൻ രാംകൃഷ്ണൻ മരപ്പണിക്കാരനും അമ്മ സന്ദീപ് തയ്യൽക്കാരിയുമാണ്.
തന്റെ വിജയം മാതാപിതാക്കൾക്കായി സമർപ്പിക്കുന്നതായി നാൻസി പറഞ്ഞു. അവർ തന്നെ പഠിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മാതാപിതാക്കളാണ് തന്റെ വിജയരഹസ്യമെന്നും നാൻസി പറയുന്നു. ദിവസവും 12 മണിക്കൂറോളം താൻ പഠിക്കാറുണ്ടെന്നും അതിനുള്ള സൗകര്യം ചെയ്തുതരുന്നത് അമ്മയും അച്ഛനും ചേർന്നാണെന്നും നാൻസി കൂട്ടിച്ചേർത്തു. തുന്നൽ ജോലികളിലും മറ്റ് വീട്ടുജോലികളിലും അമ്മയെ സഹായിച്ചിരുന്നതായും നാൻസി പറഞ്ഞു. ഭാവിയെപ്പറ്റി വ്യത്യസ്തമായൊരു ആശയവും നാൻസിക്കുണ്ട്. കൂടുതൽ പഠിച്ച് ഡോക്ടറോ എഞ്ചിനീയറോ ഐഎഎസ് ഓഫീസറോ ആകുന്നതിനേക്കാൾ ഒരു അധ്യാപികയാകാനാണ് ഈ പെൺകുട്ടി ആഗ്രഹിക്കുന്നത്.
നാൻസിയുടെ മൂത്ത സഹോദരൻ സാഹിൽ ബജിദ്പൂരിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാം ക്ലാസിലും ഇളയ സഹോദരൻ ധീരജ് അവളുടെതന്നെ സ്കൂളിൽ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. 'നാൻസി എല്ലായ്പ്പോഴും ക്ലാസിൽ ടോപ്പറായിരുന്നു. അവൾ കുറച്ച് അന്തർമുഖയാണ്. എന്നാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ എപ്പോഴും തയ്യാറാണ്. എട്ടാം ക്ലാസിലും, നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീമിനും അവർ വിജയിച്ചിട്ടുണ്ട്. ഇന്ന്, നാമെല്ലാവരും നാൻസിയെക്കുറിച്ച് അഭിമാനിക്കുന്നു'-സതിയേവാല ഗവൺമെന്റ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ പർവീൺ കുമാരി പറഞ്ഞു.
എംഎൽഎ രൺബീർ ഭുള്ളറിന്റെ സഹോദരൻ കുൽദീപ് ഭുള്ളർ ഇവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. 'നാൻസി ഞങ്ങൾക്കെല്ലാം അഭിമാനമാണ്. അവളുടെ പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കും'-ഭുള്ളർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.