ഐ.എസ്.ആർ.ഒക്ക് ചരിത്രനേട്ടം; 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
text_fieldsബംഗളൂരു: അദ്ഭുതകരവും അവിശ്വസനീയവുമായ കുതിപ്പില്‍ റെക്കോഡുഭേദിച്ച് ഇന്ത്യ ബഹിരാകാശത്ത് പുതുചരിത്രമെഴുതി. ഒറ്റ വിക്ഷേപണത്തില്‍ 104 കൃത്രിമോപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ വിന്യസിച്ചത് മറ്റൊരു രാജ്യത്തിനും ഇന്നുവരെ സാധിക്കാത്ത ദൗത്യമായി. രാജ്യത്തെ ഏറ്റവും വിശ്വസ്തവും കീര്‍ത്തി നേടിയതുമായ പി.എസ്.എല്‍.വി സി-37 റോക്കറ്റിലേറിയാണ് 104 ‘യാത്രക്കാര്‍’ കൃത്യമായി ലക്ഷ്യങ്ങളിലത്തെിയത്. ഒറ്റ ദൗത്യത്തില്‍ 37 ഉപഗ്രഹങ്ങളെ ബാഹ്യാകാശത്തത്തെിച്ച റഷ്യയുടെ റെക്കോഡ് പഴങ്കഥയാക്കിയാണ് ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ചരിത്ര നേട്ടം. ഇന്ത്യയുടെ മൂന്നും അമേരിക്കയുടെ 96ഉം നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തിലത്തെിയത്.
ബുധനാഴ്ച രാവിലെ 9.28നാണ് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് പി.എസ്.എല്‍.വി സി-37 റോക്കറ്റ് കുതിച്ചത്. നാല് ഘട്ടങ്ങളിലായി 32 മിനിറ്റിനകം അഭിമാനദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ 28 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ ആഹ്ളാദത്തിന്‍െറ അണപൊട്ടലായി. തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയാണ് റോക്കറ്റിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍. ആദ്യം കാര്‍ട്ടോസാറ്റ് -2ഡി, പിന്നീട് ഐ.എന്‍.എസ് -1എ, 1ബി എന്നിവയും തുടര്‍ന്ന് വിദേശ ഉപഗ്രഹങ്ങളും കൃത്യമായി വിക്ഷേപിച്ചു. പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഡിക്ക് 714 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 663 കിലോയുമാണ് ഭാരം. അമേരിക്കയുടെ 96 ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും നാല് കിലോ ഭാരം വരെ വരുന്ന ‘നാനോ’ സാറ്റലൈറ്റുകളാണ്.
ഭൗമ നിരീക്ഷണം ലക്ഷ്യമിടുന്ന കാര്‍ട്ടോസാറ്റ് -2 ശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് 2ഡി. കാര്‍ട്ടോസാറ്റ് -2, 2എ, 2 ബി, 2 സി എന്നിവയാണ് നേരത്തേ വിക്ഷേപിച്ചത്. ശക്തിയേറിയ പാന്‍ക്രൊമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ കാമറകള്‍ ഉപയോഗിച്ച് ഇവ ഭൗമ ചിത്രങ്ങള്‍ പകര്‍ത്തും. ഐ.എസ്.ആര്‍.ഒയുടെ ചെറു ഉപഗ്രഹങ്ങളായ ഐ.എന്‍.എസ് -1എ, 1ബി എന്നിവ സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്‍റര്‍ (എസ്.എ.സി), ലബോറട്ടറി ഓഫ് ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് (എല്‍.ഇ.ഒ.എസ്) എന്നിവയുടെ നാല് വ്യത്യസ്ത പേലോഡുകളാണ് വഹിക്കുന്നത്.
നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. റെക്കോഡ് ദൗത്യം പൂര്‍ത്തിയായതോടെ 1999 മുതല്‍ 22 വിദേശ രാജ്യങ്ങളില്‍നിന്നുള്ള 180 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്തത്തെിച്ചു കഴിഞ്ഞു. ലോകത്ത് ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. 2014ല്‍ റഷ്യ 37ഉം 2013ല്‍ അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തത്തെിച്ചിരുന്നു. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചതാണ് ഇന്ത്യന്‍ റെക്കോഡ്. പി.എസ്.എല്‍.വി സി-34 റോക്കറ്റിലാണ് ഈ നേട്ടം കൈവരിച്ചത്.
പുതിയ വിക്ഷേപണ വിജയം പി.എസ്.എല്‍.വിയുടെ 39ാമത്തെയും ഐ.എസ്.ആര്‍.ഒയുടെ 85ാമത്തെയും ദൗത്യമാണ്. നേരത്തേ ചാന്ദ്രയാന്‍, മംഗള്‍യാന്‍ എന്നീ അഭിമാന നേട്ടങ്ങള്‍ക്കുപയോഗിച്ച പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തിലുള്ള റോക്കറ്റാണ് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കാന്‍ ഉപയോഗിച്ചത്. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒ സംഘത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.