പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്
text_fieldsന്യൂഡൽഹി: മലയാളി അത്ലറ്റ് പി.ടി. ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവരടക്കം നാലുപേരെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ബാഹുബലി സിനിമചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുഗ് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ എന്നിവരാണ് മറ്റു രണ്ടുപേർ.
തെന്നിന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യൻ പ്രതിഭകളെ മോദിസർക്കാർ നോമിനേറ്റഡ് അംഗങ്ങളുടെ ക്വോട്ടയിൽ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നത്.
നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽനിന്ന് പി.ടി. ഉഷയെ കൊണ്ടുവരുന്നത്. ശ്രദ്ധേയയായ പി.ടി. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് രാജ്യസഭ പ്രവേശനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അവരുടെ കായികനേട്ടങ്ങൾ ഏവർക്കുമറിയുമെന്നും അതുപോലെതന്നെ അത്ലറ്റുകളെ കഴിഞ്ഞ നിരവധി വർഷങ്ങളായി വാർത്തെടുക്കുന്നതിൽ അവരുടെ ശ്രമം എടുത്തുപറയേണ്ടതാണെന്നും മോദി തുടർന്നു.
നിരവധി തലമുറകളെ സ്വാധീനിച്ച സർഗശേഷിയുള്ള പ്രതിഭയായി ഇളയരാജയെ മോദി വിശേഷിപ്പിച്ചു. ഇന്ത്യയുടെ മഹിതമായ സംസ്കാരത്തെ ആഗോളതലത്തിലെത്തിച്ച വ്യക്തിയാണ് വിജയേന്ദ്ര പ്രസാദ് ഗാരുവെന്നും സാമൂഹികസേവനത്തിന്‍റെ മുനിനിരയിലുള്ള മനുഷ്യസ്നേഹിയാണ് ഹെഗ്ഗാഡെയെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.