ഗുസ്തി താരങ്ങളെ കാണാനെത്തിയ പി.ടി. ഉഷക്കെതിരെ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഡൽഹി ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ ഒടുവിൽ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ.
ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള് രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്ന പി.ടി. ഉഷയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് സമരത്തിന്റെ 11ാം ദിവസം പി.ടി. ഉഷ സമരവേദിയിലെത്തിയത്. ഗുസ്തി താരങ്ങളായ സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ താരങ്ങളുമായി പി.ടി. ഉഷ സംസാരിച്ചു. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും പി.ടി. ഉഷ ഉറപ്പ് നൽകിയതായി വിനേഷ് ഫോഗട്ട് പറഞ്ഞു.
മറ്റെന്തിനേക്കാളുമുപരി താൻ കായിക താരമാണെന്നാണ് പി.ടി. ഉഷ തങ്ങളോട് പറഞ്ഞത്. ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് എത്രയും വേഗം പരിഹരിക്കുമെന്ന് അവർ ഉറപ്പു നൽകിയിട്ടുണ്ട്. ബ്രിജ് ഭൂഷണെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ സമരം തുടരുമെന്നും താരങ്ങൾ അറിയിച്ചു.
സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പി.ടി. ഉഷ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. സമരവേദിയിൽ നിന്ന് പുറത്തുപോവുന്നതിനിടെ പി.ടി. ഉഷയുടെ വാഹനം സമരരംഗത്തുള്ള വിമുക്തഭടൻ തടഞ്ഞു. സമരക്കാർക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും താരങ്ങൾ പ്രതിഷേധിക്കുകയല്ല, ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നാണ് ഉഷ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നിരുന്നു.
''താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വരുന്നത് വരെയെങ്കിലും അവർക്ക് കാത്തിരിക്കാമായിരുന്നു. രാജ്യത്തിനും കായിക മേഖലക്കും ഒട്ടും ഗുണകരമല്ലാത്ത ഒന്ന് അവർ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഇത് നിഷേധാത്മക സമീപനമാണ്.'' -ഉഷ പറഞ്ഞു. ഉഷയുടെ പരാമർശത്തിനെതിരെ ഗുസ്തി താരങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്തുണ പ്രതീക്ഷിച്ച ഒരാളിൽ നിന്നുണ്ടായ പ്രതികരണം വേദനിപ്പിച്ചെന്നായിരുന്നു അവർ പറഞ്ഞത്.
അതിനിടെ, അന്വേഷണം അട്ടിമറിക്കാൻ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ ശ്രമിക്കുന്നുവെന്നും പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപവത്കരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. മാധ്യമ വിചാരണയിലൂടെ ലൈംഗികാരോപണം തെളിയിക്കാൻ സാധിക്കില്ലെന്നും അതിന് ഭരണപരമായ അന്വേഷണരീതി ആവശ്യമാണെന്നുമായിരുന്നു ആരോപണത്തിന് മന്ത്രി പ്രതികരിച്ചത്.
ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകി മാർച്ച് നടത്തിയ ഡൽഹി സർവകലാശാല വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ സമരക്കാർ രംഗത്തുവന്നു. പീഡകൻ കറങ്ങി നടക്കുകയാണ്. അയാൾക്ക് പകരം വനിത ഗുസ്തി താരങ്ങളെ പിന്തുണക്കുന്നവരെ പിടികൂടുകയാണ് പൊലീസ്. ഇത് വളരെ ലജ്ജാകരമായ അവസ്ഥയാണെന്ന് ബജ്റങ് പൂനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.