കർണാടകയിൽ പി.യു, ഡിഗ്രി കോളജുകൾ തുറന്നു; പലയിടത്തും പ്രതിഷേധം
text_fieldsബംഗളൂരു: ശിരോവസ്ത്ര വിവാദത്തെതുടർന്ന് ഫെബ്രുവരി ഒമ്പതിന് അടച്ചിട്ട കർണാടകയിലെ പ്രീയൂനിവേഴ്സിറ്റി, ഡിഗ്രി, ഡിപ്ലോമ കോളജുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറന്നു. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ കോളജുകളിൽ തടഞ്ഞത് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകൾ തുറന്നപ്പോൾ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചിരുന്നു. സമാനമായ രീതിയിൽ പി.യു കോളജുകളിലും ഡിഗ്രി കോളജുകളിലും ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. യൂനിഫോം ബാധകമല്ലാത്ത ഡിഗ്രി കോളജുകളിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ബാധകമാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടും പലയിടത്തും അനുമതിയുണ്ടായിട്ടും ശിരോവസ്ത്രവും ബുർഖയും ധരിച്ചെത്തിയവരെ തടഞ്ഞതും വിവാദമായി.
യൂനിഫോം ബാധകമല്ലാത്ത ബംഗളൂരുവിൽ ഉൾപ്പെടെയുള്ള ജില്ലകളിലെ ഡിഗ്രി കോളജുകളിൽ ബുർഖയും ശിരോവസ്ത്രവും ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുത്തെങ്കിലും ചില കോളജുകളിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
മംഗളൂരു, ഉഡുപ്പി, ശിവമൊഗ്ഗ, കുടക്, കലബുറഗി, വിജയപുര, യാദ്ഗിർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ കോളജുകളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയതിനെതിരെ ബുധനാഴ്ച രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രതിഷേധമുണ്ടായി. ശനിവാരശാന്തെയിലെ ഭാരതി വിദ്യാസമസ്തെ കോളജ് എന്നീ കോളജുകളിലും മറ്റു സ്കൂളുകളിലുമായി 100 ഓളം പേരെ തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.