‘പബ്ജി’ കളിക്കാൻ 20 മൊബൈൽ മോഷ്ടിച്ചു; രണ്ട് കുട്ടികൾ പിടിയിൽ
text_fieldsന്യൂഡൽഹി: യുവാക്കൾക്കിടയിൽ ഹരമായ ‘പബ്ജി’ (പ്ലെയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ്) ഗെയിം കളിക്കാനായി 20 സ്മാർട്ഫോണുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. പബ്ജി ഗെയിമിന് അടിമകളായ കുട്ടികൾ തങ്ങളുടെ സുഹൃത്തുക്കളെ കൂട്ടി ഗ്രൂപ്പായി ഗെയിം കളിക്കാനായാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ദക്ഷിണ ഡൽഹിയിലെ നായ്ബ്സാരായ് പ്രദേശത്തെ കടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. 20 മൊബൈൽ ഫോൺ, 30 ബാറ്ററികൾ, ലുഡോ- ചെസ് സെറ്റുകൾ എന്നിവ മോഷണം പോയതായി കാണിച്ച് കടയുടമ പൊലീസിൽ പരാതി നൽകിയിരുന്നു. വൈകാതെ തന്നെ കുട്ടി മോഷ്ടാക്കളെ പൊലീസ് പിടികൂടി മോഷണ മുതൽ കണ്ടെത്തി. ഗെയിമിലെ ചില ടാസ്കുകൾ ചെയ്യാൻ ഗെയിമർമാരുടെ ഒരു സംഘം വേണമെന്നും അതിനാലാണ് തങ്ങൾ ഇത്തരത്തിലൊരു കർമത്തിന് മുതിർന്നതെന്നും കുട്ടികൾ തുറന്നുപറഞ്ഞു.
പബ്ജി ഗെയിമുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ കൂടുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് 16കാരൻ തട്ടിക്കൊണ്ട് പോകൽ നാടകം നടത്തി സ്വന്തം മാതാപിതാക്കളിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടത്. മാതാപിതാക്കൾ മൊബൈൽ ഫോൺ തിരികെ വാങ്ങിയതിനെത്തുടർന്നായിരുന്നു ഇത്. ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്രതിരിച്ച ആൺകുട്ടി മറ്റൊരു യാത്രക്കാരൻെറ മൊബൈൽ ഫോൺ വാങ്ങിയാണ് അമ്മയെ വിളിച്ചത്. മകനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മോചിപ്പിക്കാൻ മൂന്ന് ലക്ഷം രൂപ വേണമെന്നുമായിരുന്നു അവൻ സ്വന്തം അമ്മയോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പബ്ജി കളിക്കാൻ മൊബൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബന്ധുവുമായി വഴക്കിട്ട 18 കാരൻ തൂങ്ങി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.