കർണാടകയിൽ പരസ്യപ്രചാരണം ഇന്ന് തീരും
text_fieldsബംഗളൂരു: ദേശീയ രാഷ്ട്രീയത്തിൽ വൻസ്വാധീനം ചെലുത്താനിടയാക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച തീരും. പത്തിന് ജനം വിധിയെഴുതും. ബി.ജെ.പി ഭരണം നിലനിർത്താൻ സർവ ആയുധങ്ങളും പുറത്തെടുത്തപ്പോൾ ഭരണവിരുദ്ധവികാരം അനുകൂലമാക്കി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന വൻ പ്രതീക്ഷയിലാണ് കോൺഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവസാനദിവസവും രംഗത്തിറക്കി ദേശീയതയും ഹിന്ദുത്വയുമാണ് ബി.ജെ.പി പ്രചാരണവിഷയമാക്കിയതെങ്കിലും ജനകീയപ്രശ്നങ്ങൾ ഉയർത്തി ഗതിതിരിച്ചുവിടാൻ രാഹുലിനും പ്രിയങ്കക്കും കഴിഞ്ഞിട്ടുണ്ട്. അതിനിടെ, ലിംഗായത്ത് സമുദായത്തിലെ ഒരു വിഭാഗം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
വോട്ടുചെയ്യുമ്പോൾ ഹനുമാനെ ഓർക്കണമെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തിയ മോദിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം, ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ കൈക്കൂലിക്കണക്ക് സഹിതം വിശദീകരിച്ച് നൽകിയ പത്രപരസ്യങ്ങളുടെ പേരിൽ കമീഷൻ കോൺഗ്രസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അവസാനദിനങ്ങളിൽ ബംഗളൂരു നഗരത്തിലാണ് എല്ലാ പാർട്ടികളും ശ്രദ്ധകേന്ദ്രീകരിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ മോദിയുടെ വൻ റോഡ് ഷോ ബംഗളൂരുവിൽ നടത്തിയപ്പോൾ കോൺഗ്രസ് ഹുബ്ബള്ളിയിൽ നടത്തിയ റാലിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഒരുമിച്ച് അണിനിരത്തി. ഞായറാഴ്ച പുലികേശി നഗറിൽ നടത്തിയ കോൺഗ്രസ് പരിപാടിയിൽ രാഹുലും ശിവാജി നഗറിൽ രാത്രി നടന്ന പരിപാടിയിൽ രാഹുലും പ്രിയങ്കയും പങ്കെടുത്തു.
മൈസൂരു മേഖലയിൽ ശക്തമായ സ്വാധീനമുള്ള ജെ.ഡി.എസിന്റെ പ്രചാരണത്തിൽ അനാരോഗ്യത്തിനിടയിലും മുൻ പ്രധാനമന്ത്രി ദേവഗൗഡ പങ്കെടുത്തു. കോൺഗ്രസ് 141 സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.