"ഐ.എൻ.എസ് വിക്രാന്ത് കേസിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് കിരിത് സോമയ്യയെ ജനം ആക്രമിക്കാൻ കാരണം"- സഞ്ജയ് റാവത്ത്
text_fieldsമുംബൈ: ഐ.എൻ.എസ് വിക്രാന്ത് കേസിൽ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് ബി.ജെ.പി നേതാവ് കിരിത് സോമയ്യയെ ആളുകൾ ആക്രമിക്കാൻ കാരണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. "ഐ.എൻ.എസ് വിഷയത്തിൽ അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. ഇത്തരക്കാർക്കെതിരെ പൊതുജനം രോഷം പ്രകടിപ്പിച്ചെങ്കിൽ അതിൽ ബി.ജെ.പി വേദനിക്കേണ്ടതില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത്തരക്കാരോട് ഒരിക്കലും പൊറുക്കില്ല"- റാവത്ത് പറഞ്ഞു.
ശിവസേന ഗുണ്ടകൾ ചേർന്ന് ഖാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെ കൊല്ലാൻ ശ്രമിച്ചെന്നും കേസെടുക്കണമെന്ന തന്‍റെ ആവശ്യം പൊലീസ് തള്ളി കളഞ്ഞെന്നും സോമയ്യ ആരോപിച്ചിരുന്നു. തന്‍റെ ജീവനെടുക്കാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മൂന്നാമത്തെ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സോമയ്യയുടെ പരാതിയിൽ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി) മഞ്ജുനാഥ് ഷിങ്കെ പറഞ്ഞു.
താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് അറസ്റ്റിലായ മഹാരാഷ്ട്ര സ്വതന്ത്ര എം.പി നവനീത് റാണയെയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയെയും സന്ദർശിക്കാൻ ഖാർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സോമയ്യക്കെതിരെ ചിലർ കല്ലെറിഞ്ഞത്. സംഭവത്തിൽ സോമയ്യയുടെ നെറ്റിക്ക് പരിക്കേൽക്കുകയും അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലുകൾ തകരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.