ശാഹീൻബാഗ്: പൊതു സ്ഥലങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്തരുതെന്ന് സുപ്രീംകോടതി
text_fields
ന്യൂഡൽഹി: ശാഹീൻബാഗിൽ സമരത്തിെൻറ പേരിൽ പൊതുസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതകാലത്തേക്കുള്ള ഇത്തരം സമരങ്ങൾ സ്വീകാര്യമല്ലെന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ വർഷമാദ്യം മുതൽ ഡൽഹിയിലെ ശഹീൻബാഗിൽ തുടരുന്ന പ്രക്ഷോഭം സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
വിയോജിപ്പും ജനാധിപത്യവും ഒന്നിച്ചാണ് മുന്നോട്ട് കൊണ്ടുപോകോണ്ടത്. ശാഹീൻബാഗിലോ മറ്റെവിടെയെങ്കിലുമോ പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്താൻ അനുവദിക്കില്ല. അനിശ്ചിതകാലത്തേക്കുള്ള ഇത്തരം പ്രതിഷേധങ്ങൾ സ്വീകാര്യമല്ലെന്നും അധികൃതർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പൊതുസ്ഥലങ്ങൾ ഒരു തടസവുമില്ലാതെ സൂക്ഷിക്കണം. പ്രതിഷേധ സ്ഥലങ്ങൾ ഒഴിപ്പിക്കാൻ കോടതിയിൽ നിന്നുള്ള ഉത്തരവുകൾക്കായി ഭരണകൂടം കാത്തിരിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.
ശാഹീൻബാഗിലെ സമാധാനപരമായ പ്രതിഷേധത്തെ കോടതി അഭിനന്ദിക്കുന്നു. എന്നാൽ സമരം നിയുക്ത സ്ഥലങ്ങളിൽ മാത്രമേ നടത്താൻ കഴിയൂ. ഒരു പൊതുസ്ഥലത്ത് അനിശ തകാലമായി നടക്കുന്ന പ്രതിഷേധ സമരം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു- ജസ്റ്റിസ് എസ്.കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അറിയിച്ചു.
പ്രതിഷേധത്തിനും കൂടിച്ചേരലിനുമുള്ള അവകാശം നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സമരം ചെയ്യാന്‍ ജന്തര്‍ മന്തർ പോലുള്ള സ്ഥലങ്ങളുണ്ട്. പൊതു വഴി തടസപ്പെടുത്തി സമരം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മേത്ത പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചതിനാല്‍ സമരക്കാരെ നീക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനു കേസില്‍ ഉത്തരവു പുറപ്പെടുവിക്കുകയാണെന്ന് കോടതി പറഞ്ഞു.
ജനാധിപത്യത്തിൽ പാർലമെൻറിലും റോഡുകളിലും പ്രതിഷേധം നടത്താനുള്ള അവകാശമുണ്ടെന്നും എന്നാൽ റോഡിലും പൊതുസ്ഥലത്തും നടക്കുന്ന പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണെമന്നും സെപ്റ്റംബർ 21 ന് ഹരജി പരിഗണിക്കവെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എവിടെയാണ് സമരം എന്നതാണ് വിഷയത്തെ പ്രശ്‌നവത്കരിക്കുന്നത്. അതില്‍ ഒരു സംതുലിതമായ നിലപാടു വേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷം മുതൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൻെറ പ്രഭവകേന്ദ്രമായി ഡൽഹിയിലെ ശാഹീൻ ബാഗ് ഉയർന്നുവന്നിരുന്നു. പ്രതിഷേധക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.