പുതുച്ചേരി ബി.ജെ.പിയിൽ ആഭ്യന്തരകലഹം; മന്ത്രിസഭ രൂപവത്കരണം നീളുന്നു
text_fieldsചെന്നൈ: പുതുച്ചേരിയിൽ മന്ത്രിസഭ രൂപവത്കരിക്കാനാവാതെ എൻ.ഡി.എ സഖ്യം. എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒന്നരമാസം കഴിഞ്ഞിട്ടും മന്ത്രിസഭ രൂപവത്കരണം അനിശ്ചിതമായി നീളുകയാണ്. കോവിഡ് കാലത്ത് ഗുരുതര ഭരണപ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ബി.ജെ.പിയിലും എൻ.ആർ കോൺഗ്രസിലും തുടരുന്ന ആഭ്യന്തര കലഹമാണ് പ്രധാന തടസ്സം. സ്പീക്കർ പദവിയും രണ്ട് മന്ത്രിസ്ഥാനങ്ങളും ബി.ജെ.പിക്കും മൂന്ന് മന്ത്രിസ്ഥാനങ്ങൾ എൻ.ആർ കോൺഗ്രസിനുമെന്നാണ് ധാരണ. സ്പീക്കറായി ബി.ജെ.പിയിലെ ആർ. ശെൽവം കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. മറ്റു രണ്ട് മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധെപ്പട്ടാണ് ബി.ജെ.പിയിൽ തർക്കമുള്ളത്.
ഒരു മന്ത്രിപദവി എ. നമശ്ശിവായത്തിന് നൽകാൻ പൊതുവെ സമ്മതമാണ്. എന്നാൽ, രണ്ടാം മന്ത്രിസ്ഥാനത്തിനുവേണ്ടി ബി.ജെ.പി എം.എൽ.എമാരിൽ വടംവലി ശക്തമാണ്. തനിക്ക് മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കാമരാജ് നഗർ എംഎൽഎ എ. ജോൺകുമാറിനെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നയാളാണ് കുമാർ. മൂന്ന് മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.ആർ കോൺഗ്രസിലും പ്രതിസന്ധിയുണ്ട്.
ചില പ്രധാന വകുപ്പുകൾ വേണമെന്ന ബി.ജെ.പി ആവശ്യം എൻ.ആർ കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. 30 അംഗ നിയമസഭയിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ എൻ.ഡി.എ ഘടകകക്ഷികളായ എൻ.ആർ കോൺഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും സീറ്റുകൾ ലഭിച്ചു. പ്രതിപക്ഷത്ത് ഡി.എം.കെ ആറും കോൺഗ്രസ് രണ്ടും സീറ്റ് നേടി. ആറിടങ്ങളിൽ സ്വതന്ത്രരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.