പുതുച്ചേരി: എൻ.ആർ കോൺഗ്രസിനെ പിടിച്ചുനിർത്താൻ ബി.ജെ.പി ശ്രമം
text_fieldsചെന്നൈ: ദേശീയ ജനാധിപത്യ സഖ്യ(എൻ.ഡി.എ)ത്തിൽനിന്ന് പുറത്തുവന്ന് തനിച്ച് മത്സരിക്കാൻ തീരുമാനിച്ച എൻ.ആർ കോൺഗ്രസിനെ മെരുക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യെപ്പട്ട് ബി.ജെ.പി പുതുച്ചേരി ഘടകം നേതാവ് നിർമൽകുമാർ ബുധനാഴ്ച എൻ.ആർ കോൺഗ്രസ് നേതാവ് എൻ.രംഗസാമിയെ കണ്ട് ചർച്ച നടത്തി. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചാലേ എൻ.ഡി.എയിൽ തുടരൂ എന്ന് രംഗസാമി ഇദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. എൻ.ആർ കോൺഗ്രസ് ഇപ്പോഴും എൻ.ഡി.എയിലാണെന്നും ചർച്ച തുടരുകയാണെന്നും കൂടിക്കാഴ്ചക്കുശേഷം നിർമൽകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
നിരവധി കേന്ദ്ര ബി.ജെ.പി നേതാക്കളും രംഗസാമിയെ ഫോണിൽ ബന്ധപ്പെട്ടു. എൻ.ആർ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകാമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഇൗയിടെ പുതുച്ചേരിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് എൻ.ആർ കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. എൻ.ഡി.എയിൽ തുടരണമോയെന്ന കാര്യത്തിൽ സഹപ്രവർത്തകരുമായി കൂടിയാലോചന നടത്തിയതിനുശേഷം അറിയിക്കാമെന്നാണ് രംഗസാമി പറയുന്നത്. എൻ.ആർ കോൺഗ്രസായിരിക്കും പുതുച്ചേരിയിൽ അധികാരത്തിലെത്തുകയെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതിനിടെ പുതുച്ചേരിയിൽ രാജിവെച്ച കോൺഗ്രസ് എം.എൽ.എ ലക്ഷ്മി നാരായണൻ എൻ.ആർ കോൺഗ്രസിൽ ചേർന്നു. ലക്ഷ്മി നാരായണൻ ബി.ജെ.പിയിൽ ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽനിന്ന് അഞ്ച് എം.എൽ.എമാർ രാജിവെച്ചതോടെയാണ് നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭരണം നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.