പൂജ ഖേദ്കറിന്റെ വികലാംഗ സർട്ടിഫിക്കറ്റിൽ അപാകതയില്ല; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് പൂണെ ആശുപത്രി
text_fieldsപൂണെ: അമിതാധികാര പ്രയോഗത്തിലൂടെ വിവാദത്തിലായ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കറിന്റെ വികലാംഗ സർട്ടിഫിക്കറ്റിൽ അപാകതയില്ലെന്ന് പൂണെ ആശുപത്രി. ഏഴ് ശതമാനം വികലാംഗയാണെന്ന് ചൂണ്ടിക്കാട്ടി പൂജ ഖേദ്കറിന് നൽകിയ ലോക്കോമോട്ടർ ഡിസെബിലിറ്റി സർട്ടിഫിക്കറ്റിൽ പിഴവില്ലെന്ന് യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രി അധികൃതരാണ് വ്യക്തമാക്കിയത്. ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
ഫിസിയോതെറാപ്പി, ഓർത്തോപീഡിക് വകുപ്പുകളുടെ നിഗമനങ്ങളിലും നിയമപ്രകാരമുള്ള ആരോഗ്യ പരിശോധനയിലും പിഴവില്ലെന്ന് ആശുപത്രി ഡീൻ ഡോ. രാജേന്ദ്ര വേബിൾ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലോ ജോലിക്കോ യാതൊരുവിധ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റ് വഴി ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൂജയുടെ വിലാസം പരിശോധിക്കുന്നത് ആശുപത്രിയുടെ ഓഫീസിന്‍റെ കീഴിൽ വരുന്നതല്ല. ആരോപണവിധേയ പിംപ്രി ചിഞ്ച്‌വാഡ് ഏരിയയിൽ പെട്ടയാളാണോ അല്ലയോ എന്ന് പരിശോധിച്ചിട്ടുണ്ടെന്നും ഡീൻ പറഞ്ഞു.
അമിതാധികാര പ്രയോഗ വിവാദത്തിന് പിന്നാലെ പൂജ ഖേദ്കറിന്റെ സിവിൽ സർവിസ് പരിശീലനം തടഞ്ഞ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ചൊവ്വാഴ്ചക്കകം മടങ്ങിയെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൂജ ഇതുവരെ മസൂറിയിൽ എത്തിയിട്ടില്ല.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് യു.പി.എസ്. സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. പുണെയിൽ അസി. കലക്ടർ ട്രെയിനി ആയിട്ടായിരുന്നു നിയമനം. ചുമതലയേൽക്കും മുമ്പെ മുതിർന്ന ഐ.എസ്.എസുകാർക്ക് ലഭിക്കുന്ന ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടും അമിതാധികാരം പ്രയോഗിച്ചും വിവാദമായതോടെ പൂജയെ പുണെയിൽ നിന്നും വാഷിമിലേക്ക് മാറ്റിയിരുന്നു. വ്യാജ ജാതി, അംഗവൈകല്യ രേഖ ആരോപണത്തോടെ കഴിഞ്ഞ 16നാണ് പരിശീലനം നിർത്തി 23നകം മടങ്ങാൻ അക്കാദമി ആവശ്യപ്പെട്ടത്.
ഔഡി കാറില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച പൂജ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും വാഹനത്തില്‍ ഒട്ടിച്ചിരുന്നു. പൂജക്കെതിരായ ആരോപണങ്ങളിൽ അഡീഷനൽ സെക്രട്ടറി മനോജ് ദ്വിവേദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ക്രിമിനൽ നടപടികളും നേരിടേണ്ടി വരും.
മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അഖിലേന്ത്യ തലത്തിൽ പൂജക്ക് 841ാം റാങ്ക് ആണ് ലഭിച്ചത്. വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യ പരിശോധനക്ക് ഹാജരാകാൻ യു.പി.എസ്.സി ആവശ്യപ്പെട്ടപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നും സംശയമുണ്ട്.
കർഷകർക്കെതിരെ തോക്കുചൂണ്ടിയ കേസിൽ അമ്മ മനോരമ ഖേദ്കർ അറസ്റ്റിലായിരുന്നു. കേസിൽ അച്ഛൻ മുൻ മഹാരാഷ്ട്ര ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കറും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.