വധശ്രമക്കേസ്: പൂജ ഖേദ്കറിന്‍റെ അമ്മക്ക് ജാമ്യം
text_fieldsപൂണെ: വധശ്രമക്കേസിൽ മുൻ ഐ.എ.എസ് ട്രെയിനി ഒഫീസർ പൂജ ഖേദ്കറിന്‍റെ അമ്മ മനോരമക്ക് പൂണെ കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിന്‍റെ അന്വേഷണത്തിൽ സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. അന്വേഷണം പൂർത്തിയാകുന്നതുവരെ കേസ് രജിസ്റ്റർ ചെയ്ത പൂണെയിലെ പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അന്വേഷണം പൂർത്തിയാകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനെയും മജിസ്‌ട്രേറ്റിനെയും അറിയിക്കാതെ ജില്ല വിട്ടുപോകരുതെന്നും കോടതി പറഞ്ഞു.
വെടിയുതിർക്കാത്തതിനാൽ ഐ.പി.സി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമുള്ള അപേക്ഷ കേസിൽ അനാവശ്യമാണെന്ന് വാദത്തിനിടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഖേദ്കർ ദമ്പതികൾക്കെതിരെയും മറ്റ് അഞ്ച് പേർക്കെതിരെയും ഐ.പി.സി സെക്ഷൻ 307 (കൊലപാതകശ്രമം), 144 (മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
2023 ജൂണിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് മനോരമ കർഷകർക്കുനേരെ തോക്കു ചൂണ്ടിയത്. ബൗൺസർമാരുടെ അകമ്പടിയിലെത്തി, അക്രമം കാണിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കർഷകരിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.