പുൽവാമ സുരക്ഷാവീഴ്ച: മോദിക്ക് പ്രധാനമന്ത്രി പദത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് കെ.സി വേണുഗോപാൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി ആട്ടിൻതോലണിഞ്ഞും വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിജയം നേടാൻ ബി.ജെ.പി വർഗീയത പറയുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമ സംഭവം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് ദേശീയത പറഞ്ഞ ആളാണ് പ്രധാനമന്ത്രി. പുൽവാമ ആക്രമണം ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു കഴിഞ്ഞു. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തിൽ തുടരാൻ എന്ത് യോഗ്യതയാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു.
രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ദേശീയത ബി.ജെ.പിക്ക് വോട്ട് കിട്ടാനുള്ള ആയുധം മാത്രമാണ്. അതിന് വേണ്ടി സ്വന്തം വീഴ്ചകളെ നേട്ടമാക്കി മാറ്റാനുള്ള ശേഷി മോദിക്കുണ്ട്. ദേശീയത വിറ്റ് കാശാക്കുന്നവരെ വിശ്വസിച്ച് ന്യൂനപക്ഷം പോകുമെന്നാണോ കരുതുന്നതെന്നും വേണുഗോപാൽ ചോദിച്ചു.
പി.ആർ വർക്ക് കൊണ്ട് താൽകാലികമായി എല്ലാം മറച്ചുവെക്കാം. എന്നാൽ, യഥാർഥ മുഖം ഒരിക്കൽ പുറത്തുവരും. അതിന്‍റെ ഒരു ഉദാഹരണമാണ് പുൽവാമ സുരക്ഷാവീഴ്ച സംബന്ധിച്ച മുൻ ഗവർണറുടെ വെളിപ്പെടുത്തലെന്നും കൂടുതൽ വെളിപ്പെടുത്തൽ ഇനിയും ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.