പാകിസ്താന് ചാരവൃത്തി: ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിന് പുറമെ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും പങ്കെന്ന് അന്വേഷണസംഘം
text_fieldsപൂണെ: അറസ്റ്റിലായ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിന് പുറമെ ഉന്നത എയർ ഫോഴ്സ് ഉദ്യോഗസ്ഥനും പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ പങ്കുള്ളതായി അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ നിഖിൽ ഷെൻഡെയാണ് ഹണിട്രാപ്പിന് വിധേയമായി പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പ്രത്യേക കോടതിയിൽ വെളിപ്പെടുത്തി.
ഷിൻഡെയെ ബംഗളുരുവിൽ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. ശിവാജിനഗർ കോടതിയിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഇയാൾ എ.ടി.എസിന് മൊഴി നൽകിയിട്ടുണ്ടെന്നും എ.ടി.എസ് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ സുജാത തൻവാഡെ പ്രത്യേക കോടതിയെ അറിയിച്ചു. എന്നാൽ, ഇയാളെ കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. കുരുൽക്കറിനും ഷിൻഡേയ്ക്കും അയച്ച സന്ദേശങ്ങൾ പാകിസ്താൻ ഐ.പി വിലാസത്തിൽ നിന്നാണെന്ന് സാങ്കേതിക അന്വേഷണത്തിൽ തെളിഞ്ഞതായി എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താനിൽ നിന്ന് കുരുൽക്കറിന് അയച്ച നിരവധി ഇമെയിലുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈൽ ഫോണും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുരുൽക്കർ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് എടിഎസ് ശ്രമിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ചന്ദ്രകിരൺ സാൽവി കോടതിയെ ബോധിപ്പിച്ചു.
അതേസമയം, പ്രദീപ് കുരുൽക്കറിന്റെ ആർ.എസ്.എസ് അംഗത്വം വെളിപ്പെടുത്തുന്ന അഭിമുഖ വിഡിയോയും സവർക്കർ സ്‌മൃതി ദിനത്തിൽ ആർ.എസ്.എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ‘തലമുറകളായി തന്റെ കുടുംബം ആർ.എസ്.എസുമായി ബന്ധപ്പെടുന്നുണ്ട്. ആർ.എസ്.എസ് വളന്റിയറായിരുന്ന മുത്തച്ഛനാണ് പുണെ ശാഖയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ആ ചുമതല അച്ഛനിലെത്തി. അഞ്ചാം വയസ്സ് മുതല്‍ താൻ ശാഖയില്‍ പോകുന്നുണ്ട്. ശാഖ തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഗണിതശാസ്ത്ര അധ്യാപകനായപ്പോഴും ഈ ബന്ധം തുടർന്നു’, എന്നിങ്ങനെയാണ് അഭിമുഖത്തിൽ കുരുൽക്കർ വെളിപ്പെടുത്തുന്നത്.
1988 മുതൽ ഡി.ആർ.ഡി.ഒയിൽ ജോലി ചെയ്യുന്ന കുരുൽക്കർ, പുണെയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറി ഡയറക്ടർ എന്ന നിലയിൽ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലിന് സമാനമായ പദവി വഹിക്കുകയായിരുന്നു. 2022 സെപ്റ്റംബർ മുതൽ വാട്ട്സ്ആപ് മെസേജിലൂടെയും വോയ്സ്, വിഡിയോ കോളിലൂടെയും പാകിസ്താൻ ഇന്റലിജന്റ്സ് ഓപറേറ്റിവിന്റെ വനിത ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി 59കാരനുമായി ബന്ധം സ്ഥാപിച്ച ചാരവനിത സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയച്ച് സൗഹൃദം ഉറപ്പിക്കുകയും പിന്നീട് ഇതുവെച്ച് ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തുകയുമായിരുന്നെന്നാണ് കരുതുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദീപ് എം. കുരുൽക്കറിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പുണെയിൽ വെച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രാജ്യസുരക്ഷക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടുതന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എ.ടി.എസ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.