പൂണെ കാറപകടം: കാറോടിക്കുമ്പോൾ മദ്യപിച്ചിരുന്നുവെന്ന് കൗമാരക്കാരൻ; സംഭവിച്ചത് എന്തെന്ന് പൂർണമായി ഓർമയില്ലെന്നും മൊഴി
text_fieldsപൂണെ: അമിതവേഗത്തിലെത്തിയ ആഢംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വാഹനമോടിക്കുമ്പോൾ താൻ മദ്യപിച്ചിരുന്നുവെന്ന് കൗമാരക്കാരന്റെ മൊഴി. ചോദ്യം ചെയ്യലിനിടെ താൻ നടന്ന സംഭവങ്ങൾ പൂർണമായി ഓർക്കുന്നില്ലെന്നും കൗമാരക്കാരൻ പറഞ്ഞതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം അപകടത്തിനുശേഷമുള്ള രക്ത പരിശോധനക്ക് തൻറെ രക്തം മാറ്റി നൽകിയെന്ന് ചൂണ്ടിക്കാട്ടി കൗമാരക്കാരന്റെ അമ്മയെ പൂണെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരൻറെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മേയ് 19 ഞായാറാഴ്ച പുലർച്ചെ 3.15നാണ് പുണെയിൽ രണ്ടു പേർ കൊല്ലപ്പെട്ട കാറപകടം ഉണ്ടായത്. 12ാം ക്ലാസ് വിജയിച്ചതിൻറെ ആഘോഷം നടത്തി പബ്ബിൽനിന്നും മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ 17കാരൻ കാറോടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. പ്രൊഫഷണലുകളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. 17കാരനെ പ്രദേശത്തുണ്ടായിരുന്നവർ കാറിൽനിന്നും പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും പ്രായപൂർത്തിയായില്ലെന്ന് കാട്ടി മണിക്കൂറുകൾക്കകം ജാമ്യം നൽകി. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയർന്നു. 17കാരനെ വിട്ടയക്കാൻ ഭരണപക്ഷത്തിൻറെ ഇടപെടലുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തോടെ സംഭവം രാഷ്ട്രീയ വിവാദമായി. തുടർന്ന് കൗമാരക്കാരൻറെ ജാമ്യം ജുവൈനൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റി. അപകടത്തിനുശേഷം ഒളിവിൽ പോയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പിതാവ് വിശാൽ അഗർവാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിന് 17കാരൻറെ മുത്തച്ഛൻ സുരേന്ദ്ര അഗർവാളും അറസ്റ്റിലായി.
കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പുണെ: പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഒാടിച്ച പോർഷെ കാറിടിച്ച് രണ്ടുപേർ മരിച്ച കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ വിദ്യാർഥിയുടെ മാതാപിതാക്കളെ ജൂൺ അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകടത്തിനുശേഷമുള്ള പരിശോധനക്ക് കുട്ടിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ അന്വേഷണം നടക്കുന്നത്.
പരിശോധനക്ക് തന്റെ രക്തം മാറ്റിനൽകിയെന്ന കുറ്റത്തിന് കുട്ടിയുടെ മാതാവ് ശിവാനി അഗർവാളിനെ ജൂൺ ഒന്നിന് അറസ്റ്റുചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് വ്യവസായിയായ പിതാവ് വിശാൽ അഗർവാളിനെയും കുറ്റമേൽക്കാൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ മുത്തച്ഛൻ സുരേന്ദ്ര അഗർവാളിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഒരു ജീവനക്കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ.
മേയ് 19നാണ് കേസിനാസ്പദമായ സംഭവം. 12ാം ക്ലാസ് വിജയിച്ചതിന്റെ ആഘോഷം നടത്തി പബ്ബിൽനിന്ന് മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിൽ 17കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രികരായ ഐ.ടി പ്രഫഷനലുകളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.