സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പുണെ കോടതിയുടെ സമൻസ്
text_fieldsന്യൂഡൽഹി: ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ ചെറുമകൻ നൽകിയ മാനനഷ്ടക്കേസിൽ പൂണെയിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ഒക്ടോബർ 23ന് നേരിട്ട് ഹാജറാകാനാണ് നോട്ടീസ്.
കഴിഞ്ഞ വർഷമാണ് സത്യകി സവർക്കർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെതിരെ പൂണെ കോടതിയിൽ പരാതി നൽകിയത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്ന് കേസ് എം.പിമാർക്കും എം.എൽ.എമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു.
ജോയിന്‍റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റുമായ അമോൽ ഷിൻഡെ അധ്യക്ഷനായ എം.പിമാർക്കും എം.എൽ.എമാർക്കുമുള്ള പ്രത്യേക കോടതിയാണ് ഗാന്ധിജിക്കെതിരെ സമൻസ് അയച്ചതെന്ന് സത്യകി സവർക്കറെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ സംഗ്രാം കോൽഹട്ട്‌കർ പറഞ്ഞു. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മാനനഷ്ടം പ്രകാരമാണ് കുറ്റംചുമത്തിയത്.
2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ, താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്‍ലിം പുരുഷനെ മർദിച്ചതായി വി.ഡി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് ഗാന്ധി പറഞ്ഞതായി സത്യകി സവർക്കർ തന്റെ പരാതിയിൽ ആരോപിച്ചു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി.ഡി സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ലെന്നും സത്യകി സവർക്കർ പറഞ്ഞു. രാഹുലിന്റെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് വിശേഷിപ്പിച്ചു.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്നായിരുന്നു വിശ്രാംബോഗ് പോലീസ് അന്വേഷണം നടത്തി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.