സ്കൂളുകളും കോളജുകളും അടച്ചു, രാത്രി കർഫ്യൂ; പുനെയിൽ വീണ്ടും കർശന നിയന്ത്രണം
text_fieldsപുനെ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളജുകളും അടച്ചിടും. കർഫ്യൂ ഉൾപ്പെടെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മഹാരാഷ്ട്രയിൽ ഒരിടവേളക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. പുനെ ജില്ലയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ആണ്. രണ്ടാഴ്ച മുമ്പ് ഇത് അഞ്ച് ശതമാനമായിരുന്നു. അതിവേഗമുള്ള രോഗപ്പകർച്ച പ്രതിരോധിക്കാനാണ് നിയന്ത്രണമെന്ന് പുനെ ഡിവിഷനൽ കമീഷനർ സൗരഭ് റാവു പറഞ്ഞു.
ഹോട്ടലുകൾക്ക് പ്രവർത്തിക്കാനുള്ള സമയപരിധി രാത്രി 11 മണി വരെയാക്കി. വിവാഹങ്ങൾക്ക് പൊലീസിന്‍റെ മുൻകൂർ അനുമതി വേണം. രാഷ്ട്രീയ-മതപരമായ ചടങ്ങുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
മുംബൈ നഗരത്തിലും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ നേരിടാൻ തയാറാകൂവെന്നാണ് മുംബൈ മേയർ ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്.
കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്ന മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഫലപ്രദമായ നിയന്ത്രണ മാർഗം സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.