പൂണെയിൽ അപകടമുണ്ടാക്കിയ കാർ 1,758 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടില്ലെന്ന് കണ്ടെത്തൽ
text_fieldsന്യൂഡൽഹി: പൂണെയിൽ അപകടമുണ്ടാക്കിയ കാർ രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടില്ലെന്ന് കണ്ടെത്തൽ. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനാണ് പി.ടി.ഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇലക്ട്രിക് ആഡംബര സെഡാനായ പോർഷെയുടെ ടായ്കാനിന് 1.61 കോടി മുതൽ 2.44 കോടി വരെയാണ് എക്സ്ഷോറും വില. ഈ കാറാണ് അപകടത്തിന് ഇടയാക്കിയത്.
ബംഗളൂരുവിലേക്ക് ഇറക്കുമതി ചെയ്ത കാർ പിന്നീട് പൂണെയിലേക്ക് കൊണ്ടു വരികയായിരുന്നു. കാറിന് താൽക്കാലിക രജിസ്ട്രേഷനാണ് ഉണ്ടായിരുന്നത്. എന്നാൽ, പൂണെയിലെത്തിച്ചിട്ടും 1,758 രൂപ ഫീസടച്ച് കാറിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നില്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ഇല്ലാത്തതിനാൽ രജിസ്ട്രേഷന് വേണ്ടി ചെറിയൊരു ഫീസ് മാത്രം അടച്ചാൽ മതിയാകും. ഇതുപോലും ഉടമകൾ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ടെക് മേഖലയിൽ ജോലിചെയ്യുന്നവരാണ്. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം. പോർഷെ കാർ ഓടിച്ചിരുന്ന 17കാരനെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
17കാരന്‍റെ പിതാവായ വിശാൽ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഔറംഗബാദിൽ നിന്നാണ് പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് വിശാൽ അഗർവാൾ. പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ ബാറിന്‍റെ ഉടമകളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.