ദലിത്-മറാത്ത സംഘർഷം; ഒരു മരണം, മഹാരാഷ്ട്രയിൽ ബുധനാഴ്ച ബന്ദ്
text_fieldsമുംബൈ: പുണെയില്‍ ദലിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പ്രതിഷേധം പടരുന്നു. ഭീമ-കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിനിടെയാണ് ദലിതുകൾ ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന് മുംബൈയിലെ ചെമ്പൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഒൗറംഗബാദ് തുടങ്ങിയ ഇടങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധം ഇരമ്പി. റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു.
പുണെ, ഒൗറംഗബാദ് എന്നിവിടങ്ങളില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കര്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. ആക്രമണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളിയാണ് ബന്ദിന് ആഹ്വാനം. തെളിവുകള്‍ ശേഖരിക്കാനും ശിക്ഷ വിധിക്കാനും അധികാരമുള്ള സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
1818 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ബാജിറാവ് രണ്ടാമെൻറ നേതൃത്വത്തിലുള്ള മറാത്ത സൈന്യത്തെ ദലിതരായ മെഹര്‍ വിഭാഗക്കാര്‍ തുരത്തിയതിെൻറ 200ാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ബ്രാഹ്മണരായ പേഷ്വാകൾക്ക് എതിരെയുള്ള ദലിതുകളുടെ വിജയമായാണ് ഇത് ആചരിക്കപ്പെടുന്നത്. ഇത്തവണ ‘നവ പേഷ്വാകൾ’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി, ആര്‍.എസ്.എസ്, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് എതിരെയുള്ള പ്രേരണദിവസമായാണ് സംഘാടകര്‍ കൊണ്ടാടിയത്. ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ മാതാവ്, ഉമര്‍ ഖാലിദ് തുടങ്ങിയവരെ ഞായറാഴ്ച ഒരു വേദിയില്‍ അണിനിരത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അനുമതി നല്‍കിയതിനെതിരെ ചില ബ്രാഹ്മണ സംഘടനകള്‍ രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
സമീപത്തെ വരേണ്യർ താമസിക്കുന്ന വധു ബുദ്റുക് പ്രദേശത്തുള്ളവര്‍ ദലിതുകള്‍ക്കുനേരെ കല്ലെറിയുകയും ദലിത് സംഘടനാ ചിഹ്നങ്ങളുള്ള വാഹനങ്ങള്‍ തകര്‍ക്കുകയും 25ഓളം വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ പതങ്കാലെ (28) ആണ് മരിച്ചത്. 49ഓളം പേര്‍ക്കെതിരെ എസ്.സി, എസ്.ടി ആക്രമണ പ്രതിരോധ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ആക്രമണ സമയത്ത് പൊലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്. പിന്നീടാണ് പൊലീസ് എത്തിയത്.
ആക്രമണം തടയാന്‍ കഴിയാതെപോയത് സര്‍ക്കാറിെൻറ പരാജയമാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ പവാര്‍ ഇതുവരെ ഭീമ-കൊരെഗാവ് യുദ്ധസ്മരണ സമയത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.