സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ ആയിരം കോടി രൂപയുടെ നഷ്ടം; കോവിഷീൽഡ് വിതരണത്തെ ബാധിക്കില്ല
text_fieldsമുംബൈ: പുനെ മാഞ്ചരിയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ ആയിരം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നെന്ന് സി.ഇ.ഒ അദാർ പൂനവാല. ആയിരം കോടി മൂല്യംവരുന്ന ഉപകരണങ്ങളും ഉത്പന്നങ്ങളുമാണ് കത്തിനശിച്ചത്.
തീപിടിത്തം കൊറോണ പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‍റെ വിതരണത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തീപിടിത്തത്തില്‍ കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് കേടുപാടുണ്ടായിട്ടില്ല. വാക്സിൻ നിര്‍മിച്ച് സൂക്ഷിച്ചിരുന്നിടത്ത് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡ് നിർമാണ യൂനിറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അതേസമയം, തീപിടിത്തത്തിൽ ബി.സി.ജി, റോട്ട വൈറസ് പ്ലാന്‍റുകൾ നശിച്ചു. ഭാവിയില്‍ ബി.സി.ജി., റോട്ടാവൈറസ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ കെട്ടിടത്തിന്‍റെ നിര്‍മാണം. അവിടെ വാക്‌സിനുകള്‍ ഉത്പാദിപ്പിച്ചിരുന്നില്ല. അതിനാല്‍ വാക്‌സിനുകള്‍ ഒന്നും നശിച്ചു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അശ്രദ്ധയാണോ അപകടകാരണമെന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പ്രതികരിക്കാനാവില്ലെന്നുമായിരുന്നു ഉദ്ദവ് താക്കറെയുടെ മറുപടി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിലുള്ള കാമ്പസിൽ റോട്ട വൈറസ് വാക്സിൻ നിർമിക്കുന്ന യൂനിറ്റിലെ കെട്ടിടത്തിന്‍റെ 4,5 നിലകളിലാണ് തീപിടിച്ചത്. അഞ്ചു പേർ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. അപടകത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.