പുണെ അപകടം: മദ്യപിച്ച് നിലവിട്ട മകനെ കാർ ഓടിക്കാൻ പിതാവ് അനുവദിച്ചെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തൽ
text_fieldsമുംബൈ: പുണെയിൽ അമിതവേഗതയിൽ ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മദ്യപിച്ച് നിലവിട്ട കൗമാരക്കാരനെ കാറോടിക്കാൻ പിതാവ് അനുവദിക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തൽ. 17കാരൻ മദ്യപിച്ച് കാറോടിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർ പിതാവായ വിശാൽ അഗർവാളിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, മകന് കാർ നൽകാനായിരുന്നു അഗർവാൾ നിർദേശിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. പുണെ കല്യാണി നഗറിൽ കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച പുലർച്ചെ 3.15 നായിരുന്നു സംഭവം.
കേസന്വേഷിക്കുന്ന പുണെ പൊലീസ് ഡ്രൈവറെ ചോദ്യംചെയ്തപ്പോഴാണ് മദ്യപിച്ച മകനെ കാറോടിക്കാൻ പിതാവ് അനുവദിച്ചെന്ന് വെളിപ്പെടുത്തിയത്. അപകട സമയത്ത് ഡ്രൈവറും കാറിലുണ്ടായിരുന്നു. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിലാണ് 17കാരൻ ഒറ്റവരി പാതയിലൂടെ പോർഷെ കാർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അപകടത്തെ തുടർന്ന് 17കാരനെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. എന്നാൽ, പ്രായപൂർത്തിയായില്ലെന്ന് കാട്ടി മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചു. ഇതിൽ ഭരണപക്ഷത്തിന്‍റെ ഇടപെടലുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തോടെ സംഭവം രാഷ്ട്രീയ വിവാദമായി. സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് ഇന്നലെ കൗമാരക്കാരന്‍റെ ജാമ്യം ജുവൈനൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കുകയും ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റുകയുമായിരുന്നു.
അതേസമയം, കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു ആവശ്യം പൊലീസ് ഉന്നയിച്ചത്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് റിമാൻഡ് ഹോമിലേക്ക് അയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പുണെ പൊലീസ് കമീഷണർ അറിയിച്ചു.
17കാരന്‍റെ പിതാവായ വിശാൽ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഔറംഗബാദിൽ നിന്നാണ് പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് വിശാൽ അഗർവാൾ. 12ാം ക്ലാസ് വിജയിച്ചത് ആഘോഷിച്ച് മടങ്ങുകയായിരുന്നു കൗമാരക്കാരനെന്ന് പുണെ പൊലീസ് പറഞ്ഞു. പബ്ബിൽ വെച്ചായിരുന്നു ആഘോഷം. കൗമാരക്കാരൻ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കാറുമായി ഇറങ്ങിയത്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയ ബാറിന്‍റെ ഉടമകളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.