ബ്രെയ്ൻ ട്യൂമർ ബാധിച്ച് മരിച്ച മകെൻറ ബീജം ഉപയോഗിച്ച് മാതാപിതാക്കൾ മുത്തച്ഛനും മുത്തശ്ശിയുമായി
text_fieldsപുണെ: ബ്രെയ്ൻ ട്യൂമർ ബാധിച്ച് 27ാം വയസ്സിൽ മരിച്ച മകെൻറ ബീജം ഉപയോഗിച്ച് വാടകഗർഭപാത്രം വഴി മാതാപിതാക്കൾ മുത്തച്ഛനും മുത്തശ്ശിയുമായി. മകൻ മരിക്കുന്നതിനുമുമ്പ് ശേഖരിച്ച ബീജമാണ് ഉപയോഗിച്ചത്. അണ്ഡവുമായി ചേർത്ത് വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നത് പൂർണ വിജയമാവുകയും മൂന്ന് ദിവസം മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. മരിച്ചയാളുടെ അമ്മായി തന്നെയാണ് ഗർഭം ധരിച്ചത്. എന്നാൽ, ഇൗ നടപടിയുടെ നൈതികത ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്.
27കാരനായ പ്രഥമേഷ് പാട്ടീൽ 2013ൽ ജർമനിയിൽ ഉന്നതപഠനം നടത്തവെയാണ് ബ്രെയ്ൻ ട്യൂമർ ബാധിച്ചത്. കീമോതെറപ്പിക്കിടെ വന്ധ്യത ബാധിച്ചേക്കാമെന്ന് കരുതിയാണ് ബീജം സൂക്ഷിച്ചത്. 2016 സെപ്റ്റംബറിൽ പുണെയിൽ വെച്ച് യുവാവ് മരിച്ചു. തുടർന്നാണ് ബീജം ഉപയോഗപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിച്ചത്.
തെൻറ മകൻ അർബുദത്തോട് പൊരുതിയാണ് മരിച്ചതെന്ന് 49 വയസ്സുള്ള മാതാവ് പറഞ്ഞു. ഇവർ അധ്യാപികയാണ്. രോഗത്തെ അവഗണിച്ച് തങ്ങളെ സന്തോഷിപ്പിക്കാനായിരുന്നു മകൻ ശ്രമിച്ചിരുന്നത്. ജർമനിയിലെ ബീജബാങ്കുമായി ബന്ധപ്പെട്ട് വാടകഗർഭധാരണത്തിനുവേണ്ടി ശ്രമം നടത്തിയതും മാതാവ് തന്നെയാണ്. തുടർന്ന് പുണെയിലെ സഹ്യാദ്രി ആശുപത്രിയെ സമീപിച്ചു. വന്ധ്യത സ്പെഷലിസ്റ്റ് സുപ്രിയ പുരാണികിെൻറ നിർദേശപ്രകാരം കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പ്രത്യേകം തയാറാക്കിയ ബോക്സിൽ (മെഡിക്കൽ പ്രിസർവേഷൻ ബോക്സ്) ബീജം പുണെയിൽ എത്തിച്ചു.
തുടർന്ന് അണ്ഡദാതാവിനെ കണ്ടെത്തുകയും ബീജസങ്കലനം നടത്തുകയുമായിരുന്നു. മരിച്ചയാളുടെ മാതാവ് ഗർഭധാരണം നടത്താൻ തയാറായെങ്കിലും അവരുടെ ആരോഗ്യം അനുവദിക്കില്ലെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന്, നന്ദേഡിലുള്ള 38 വയസ്സുകാരി ബന്ധു ഗർഭം ധരിക്കാൻ സന്നദ്ധത അറിയിച്ചു. ജൂണിൽ ഗർഭം സ്ഥിരീകരിച്ചു.
രാജ്യത്ത് ആദ്യമായല്ല ഇത്തരം സംഭവം നടക്കുന്നതെന്ന് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്ത്യൻ സറഗസി ലോ സെൻറർ’ സ്ഥാപകൻ ഹരി ജി. രാമസുബ്രഹ്മണ്യം പറഞ്ഞു. മരണശേഷം ബീജം ഉപയോഗപ്പെടുത്താനുള്ള അനുമതി മകൻ നൽകിയിരുന്നോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്ക് ‘സാധാരണ രക്ഷാകർതൃത്വം’ ലഭിക്കില്ല എന്ന പ്രശ്നവും അദ്ദേഹം ഉന്നയിച്ചു. അച്ഛനോ അമ്മയോ ആവുക എന്നത് ഒരാളുടെ അവകാശമാണ്. എന്നാൽ, മുത്തച്ഛനോ മുത്തശ്ശിയോ ആവുക എന്നത് അവകാശമായി കാണാനാകില്ല. കുട്ടിയുടെ രക്ഷിതാവെന്ന നിലയിൽ, ഭാവിയിലെ എല്ലാ കാര്യങ്ങളിലും എങ്ങനെയാണ് ഇവർെക്കാപ്പം നിൽക്കാനാവുക എന്നതിലും പ്രശ്നങ്ങളുണ്ടെന്ന് ഹരി ജി. രാമസുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.