പുനീതിന്‍റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ, രണ്ട് ആരാധകർ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsബംഗളുരു: അന്തരിച്ച കന്നഡ സൂപ്പർ താരം പുനീതിന്‍റെ മരണത്തിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയിൽ രാഹുൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കൾ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു രാഹുൽ.
ചാമരാജനഗർ ജില്ലയിലെ മരുരു ഗ്രാമത്തിൽ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാർത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചു. കർഷകനായ മുനിയപ്പക്ക് ഭാര്യയും രണ്ട് മക്കളുണ്ട്. പുനീതിന്‍റെ കടുത്ത് ആരാധകനായ ഇദ്ദേഹം താരത്തിന് ഹൃദയാഘാതം വന്നുവെന്ന വാർത്ത അറിഞ്ഞതുമുതൽ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. പുനീതിന്‍റെ മരണവാർത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടൻ മുനിയപ്പ ബോധരഹിതനായി നിലംപതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ഷിൻഡോളി ഗ്രാമത്തിൽ കടുത്ത പുനീത് ആരാധകനായ പരശുരാം ഹൃദയാഘാതം മൂലം രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. ദുഖം താങ്ങാനാവാതെ രാവിലെ മുതൽ ടെലിവിഷനുമുന്നിലിരുന്ന് കരയുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം.
സൂപ്പർസ്റ്റാറിന്‍റെ വിയോഗത്തിൽ ദുഖം താങ്ങാനാവാതെ താൻ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോയിൽ കൈയിടിച്ച് 35 വയസ്സുകാരനായ സതീഷ് ചികിത്സയിലാണ്. കൈപ്പത്തിയിൽ ചോര വാർന്നതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാൻ താൻ സ്വീകരിച്ച മാർഗമാണിതെന്ന് സതീഷ് പറഞ്ഞു.
അതേസമയം, പുനീത് രാജ്കുമാറിന്‍റെ സംസ്കാരം അമേരിക്കയിലുള്ള മകളെത്തിയ ശേഷം നാളെ നടക്കും. അച്ഛന്‍ രാജ്കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക.
നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നത്. എന്നാൽ പുനീതിന്‍റെ മകൾ യു.എസിൽ നിന്ന് എത്താൻ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടക്കുക. പുനീതിൻ്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തിൽ വലുപ്പ ചെറുപ്പമില്ലാതെ ആളുകളുടെ പ്രവാഹമാണ്. ഇന്നും താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതൽ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.