ദേശസ്നേഹിയായതിനാലാണ് ശിക്ഷിക്കപ്പെട്ടതെന്ന് സമീർ വാങ്കഡെ
text_fieldsന്യൂഡൽഹി: ദേശസ്നേഹിയായതിനാലാണ് ശിക്ഷിക്കപ്പെട്ടതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. സി.ബി.ഐ വീട്ടിൽ 13 മണിക്കൂർ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രൂയിസ് ഷിപ്പിലെ ലഹരി പാർട്ടിക്കിടെ നടത്തിയ അറസ്റ്റാണ് വാങ്കഡെ വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. അന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനേയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സി.ബി.ഐ എന്റെ വീട് റെയ്ഡ് ചെയ്തു. 12 മണിക്കൂറിലധികം സമയമാണ് അവർ പരിശോധന നടത്തിയത്. വീട്ടിൽ നിന്നും 18,000 രൂപയും വസ്തു സംബന്ധമായ നാല് രേഖകളുമാണ് കണ്ടെടുത്തത്. ഇത് ഞാൻ സർവീസിൽ കയറുന്നതിന് മുമ്പ് സ്വന്തമാക്കിയതാണെന്ന് വാങ്കഡെ പറഞ്ഞു. ദേശസ്നേഹിയായതിന് ലഭിച്ച ശിക്ഷയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആറോളം ഉദ്യോഗസ്ഥർ അന്ധേരിയിലെ എന്റെ പിതാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഏഴ് പേരടങ്ങുന്ന മറ്റൊരു സി.ബി.ഐ സംഘം ബന്ധുക്കളുടെ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് സമീർ വാങ്കഡെക്കെതിരായ സി.ബി.ഐ കേസ്. 2021 ഒക്ടോബർ രണ്ടിനാണ് കോർഡീലിയ എന്ന ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാനെ സമീർ വാങ്കഡെ അറസ്റ്റ് ചെയ്തത്. 26 ദിവസം ആര്യൻ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. പിന്നീട് തെളിവില്ലാത്തതിനാൽ ആര്യനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.