ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ
text_fieldsന്യൂഡൽഹി: ഇന്ന് നടക്കാനിരുന്ന ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തെരഞ്ഞെടുപ്പിന് ഹരിയാന ഹൈകോടതിയുടെ സ്റ്റേ. ഹരിയാന ഗുസ്തി അസോസിയേഷൻ നൽകിയ ഹരജിയെ തുടർന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.
ഹരിയാന അമേച്വർ റെസ്ലിങ് അസോസിയേഷൻ എന്ന സംഘടനയെ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കാൻ അനുവദിച്ചതിനെതിരെയാണ് ഹരിയാന ഗുസ്തി അസോസിയേഷൻ കോടതിയെ സമീപിച്ചത്.
ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണത്തിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. ബ്രിജ് ഭൂഷണിന്‍റെ 18 അനുയായികളാണ് ഗുസ്തി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഗുസ്‌തിതാരങ്ങളുടെ സംഘടന ഹരിയാനാ റെസലിങ്ങ് അസോസിയേഷനാണെന്നും അവർക്കല്ലാതെ മറ്റാർക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, തങ്ങൾക്ക് റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലും ഹരിയാനാ ഒളിംപിക് അസോസിയേഷനിലും അംഗത്വം ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്നും അമച്വർ റെസലിങ്ങ് അസോസിയേഷൻ മറുവാദമുന്നയിച്ചു. ഇതോടെ കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു. അമച്വർ റെസലിങ്ങ് അസോസിയേഷന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അധികാരമുണ്ടോയെന്ന വിഷയം കോടതി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.