
ചന്നിയെ തോല്‍പിച്ച ജയന്റ് കില്ലർ; തരംഗമായി മൊബൈല്‍ റിപ്പയര്‍ ഷോപ്പുടമ ഉഗോകെ
text_fieldsചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ചരണ്‍ജിത് സിങ്ങ് ചന്നിയെ നിലംപരിശാക്കിയ ചെറുപ്പക്കാരന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞത്.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി സര്‍പ്രൈസ് വിജയം നേടുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ് ലാഭ് സിങ് ഉഗോകെ എന്ന 35കാരന്റെ കഥ. ഭദൗര്‍ മണ്ഡലത്തിലാണ് ചന്നിയും ഉഗോക്കെയും ഏറ്റുമുട്ടിയത്. ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ചന്നിക്ക് 23,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഉഗോകെ 2013ലാണ് ഒരു സാധാരണ പ്രവര്‍ത്തകനായി ആം ആദ്മിയില്‍ ചേരുന്നത്. മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തിയായിരുന്നു ഇയാളുടെ ഉപജീവനം. പിതാവ് ഡ്രൈവറാണ്. അമ്മ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ശുചീകരണത്തൊഴിലാളിയാണ്. മുഖ്യമന്ത്രിയെ നേരിടാന്‍ മൊബൈല്‍ കടക്കാരന്‍ എന്ന വാര്‍ത്തകള്‍ വന്നതോടെ ഉഗോകെ ശ്രദ്ധേയനായി തുടങ്ങിയിരുന്നു. മൂര്‍ച്ചയുള്ള വാക്കുകളാണ് ഉഗോകെയുടെ പ്രധാന ആയുധം.
തനിക്ക് കിട്ടുന്ന ദേശീയ മാധ്യമശ്രദ്ധ കണ്ട് മുഖ്യമന്ത്രി പേടിച്ചിരിക്കുകയാണെന്ന് ഉഗോകെ പറഞ്ഞതും വാര്‍ത്തയായിരുന്നു. ചന്നിയ്ക്ക് ഭദൗറിലെ പത്ത് ഗ്രാമങ്ങളുടെ പേര് പോലും അറിയില്ലെന്നും 12-ാം ക്ലാസുകാരന്‍ വെല്ലുവിളിച്ചു. 'മാര്‍ച്ച് പത്തിന് ശേഷം തന്നോട് ഭദൗറില്‍ മത്സരിക്കാന്‍ പറഞ്ഞയാളെ ഛന്നി തെരഞ്ഞുപിടിക്കും' എന്നും ഉഗോകെ പറഞ്ഞിരുന്നു.
ചന്നി ചാംകൗര്‍ സാഹിബിലും ഭദൗറിലുമായി മത്സരിക്കുന്നതും ഉഗോകെ ആയുധമാക്കി. 'ദളിത് കുടുംബത്തില്‍ നിന്നാണെങ്കിലും ചന്നി രാജാവിനേപ്പോലെയാണ് ജീവിക്കുന്നത്.' കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളത് ചന്നി തന്നെ വെളിപ്പെടുത്തിയതും ഉഗോകെ ചൂണ്ടിക്കാട്ടി. സ്‌കൂളുകളുടെ ശോച്യാവസ്ഥ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത, തകര്‍ന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ഉഗോകെ പ്രചാരണ വിഷയമാക്കി. ഒടുവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയേക്കാള്‍ വിശ്വാസ്യത നേടിയെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഎപി പ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ ഉഗോകെ നില്‍ക്കുന്ന ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാണ്.
എഎപി ലോക്‌സഭാംഗവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ഭഗ്‌വന്ത് സിംഗ് മന്നിന്റെ മണ്ഡലമായ സംഗ്രൂരിലാണ് ഭദൗര്‍. 2017ല്‍ ആപ്പിന്റെ തന്നെ പിരമല്‍ സിങ് ധൗലയാണ് ഭദൗറില്‍ ജയിച്ചത്. പക്ഷെ, കഴിഞ്ഞവര്‍ഷം പിരമല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1997, 2002, 2007 വര്‍ഷങ്ങളില്‍ ശിരോമണി അകാലിദളാണ് ഭദൗറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 2012ല്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചെങ്കിലും നിലനിര്‍ത്താനായില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റിലും ചന്നി തോറ്റു. ബദൗറിനെക്കൂടാതെ ചംകൗർ സാഹിബ് മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്. ചംകൗർ സാഹിബ് മണ്ഡലത്തിലും ആപ് സ്ഥാനാർഥിയാണ് വിജയിച്ചത്. 117 അംഗ സഭയിൽ എ.എ.പി 90 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.