ബി.ജെ.പി എം.എൽ.എയെ മർദിച്ച സംഭവം; നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് അമരീന്ദർ സിങ്
text_fieldsഅമൃത്സർ: ബി.ജെ.പി എം.എൽ.എയെ പഞ്ചാബിലെ കർഷകർ മർദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. എം.എൽ.എ അരുൺ നാരംഗിനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം തകർത്ത് നിയമം കൈയിലെടുക്കാൻ അനുവദിക്കിെല്ലന്നും അമരീന്ദർ സിങ് പറഞ്ഞു.
ഇത്തരം അനിഷ്ട സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി കർഷകരോട് അഭ്യർഥിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അവ പിൻവലിക്കണമെന്നും അമരീന്ദർ സിങ് പ്രധാനമന്ത്രി നന്ദ്രേമോദിയോട് ആവശ്യപ്പെട്ടു.
എം.എൽ.എയെയും എം.എൽ.എയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി ദിനകർ ഗുപ്തക്ക് നിർദേശം നൽകി. എം.എൽ.എയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫരീദ്കോട്ട് എസ്.പി ഗുർമയിൽ സിങ്ങിന് പരിക്കേറ്റിരുന്നു. തലക്ക് പരിക്കേറ്റ അദ്ദേഹം സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വാർത്താസമ്മേളനത്തിനെത്തിയ അബോഹർ എം.എൽ.എ അരുൺ നാരംഗിനെ പഞ്ചാബിലെ കർഷകർ കൈയേറ്റം ചെയ്യുകയും വസ്ത്രം കീറുകയുമായിരുന്നു. എം.എൽ.എയുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തു.
വാർത്താസമ്മേളനം അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ച കർഷകർ മർദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.