കുത്തകകളെ ബഹിഷ്കരിച്ച് പഞ്ചാബിലെ കർഷകർ; റിലയൻസ് പമ്പുകളിൽ വിൽപന ഇടിഞ്ഞു
text_fieldsജലന്ധർ: വിവാദ കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള പഞ്ചാബിലെ കർഷകർ കുത്തകകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ട്. പ്രധാനമായും മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്‍റെയും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്‍റെയും ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം ഉയർന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗം കേന്ദ്ര കൃഷി മന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് അലസിപ്പിരിയുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തമായി തുടരാനാണ് കർഷകരുടെ തീരുമാനം.
കുത്തകകളെ ബഹിഷ്കരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ റിലയൻസിന്‍റെ ഇന്ധന പമ്പുകളിൽ കനത്ത ഇടിവുണ്ടായതായാണ് റിപ്പോർട്ട്. ചിലത് അടച്ചുപൂട്ടേണ്ടി വന്നപ്പോൾ മറ്റു ചിലതിൽ വിൽപന പകുതിയിലും താഴെ മാത്രമാണ്. റിലയൻസിന്‍റെ പെട്രോൾ പമ്പുകളാകെ കർഷകരുടെ ഉപരോധത്തിലാണ്. പഞ്ചാബിൽ 85 പമ്പുകൾ റിലയൻസിനുണ്ട്.
ജിയോ സിം കാർഡുകളും റിലയൻസ് ഷോപ്പിങ് മാളുകളും ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ട്. പലയിടങ്ങളിലും ജിയോ സിം കാർഡുകൾ കൂട്ടത്തോടെ കത്തിക്കുകയാണ്. മോഗയിലെയും സംഗ്രൂരിലെയും അദാനി ഗ്രൂപ്പിന്‍റെ പദ്ധതികൾ, ഗുരു ഗോവിന്ദ് സിങ് എച്ച്.പി.സി.എൽ റിഫൈനറികൾ, വാൾമാർട്ട്, ബെസ്റ്റ് പ്രൈസ് സൂപർ മാർക്കറ്റുകൾ, എസ്സാർ പെട്രോൾ പമ്പുകൾ, ടോൾ പ്ലാസകൾ തുടങ്ങിയവയെല്ലാം ബഹിഷ്കരിക്കാനോ ഉപരോധിക്കാനോ ആഹ്വാനം ഉയർന്നിരിക്കുകയാണ്. മോഗയിലെ അദാനിയുടെ സംഭരണ കേന്ദ്രം ഉപരോധത്തെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു.
റിലയൻസിന്‍റെ പമ്പുകളിൽ ഉപരോധക്കാർക്ക് പിന്തുണയുമായി ജീവനക്കാർ തന്നെ പലയിടത്തും രംഗത്തുണ്ട്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത നിലയിലാണ് ഉപരോധം തുടരുന്നത്. കനത്ത പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ പെട്രോൾ പമ്പ് ഡീലർമാരും കർഷകരെ പിന്തുണച്ച് നിലകൊള്ളുകയാണ്.
31 കർഷക സംഘടനകൾ സംയുക്തമായാണ് പഞ്ചാബിൽ പ്രക്ഷോഭത്തിലുള്ളത്. പ്രക്ഷോഭത്തിലേക്ക് കൂടുതൽ സ്ത്രീകളും കുട്ടികളും അണിചേരുകയാണ്. കർഷകരെ പിന്തുണച്ചും മോദിയുടെ നുണകളെ തുറന്നുകാട്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തി പഞ്ചാബി ഗായകരും കർഷക പ്രക്ഷോഭത്തിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.